ഗൾഫിലെമ്പാടും പ്രക്ഷേപണമെത്തുന്ന റേഡിയോ കേരളം 1476 എ.എം പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് (ആഗസ്റ്റ് 17) വിജയകരമായ ഒരു വർഷം പൂർത്തിയാകുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഗൾഫ് മലയാളികളുടെ മനസ്സ് കീഴടക്കിയ റേഡിയോ കേരളം, ഗൾഫിലെ ഒരേയൊരു മലയാളം എ.എം റേഡിയോ ആണ്.
ദുബായിലും തിരുവനന്തപുരത്തുമുള്ള ബ്യൂറോകളിലൂടെ, എല്ലാ ദിവസവും എറ്റവും കൂടുതൽ വാർത്താ ബുള്ളറ്റിനുകൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഗൾഫിലെ ഏക മലയാളം റേഡിയോ ആയി മാറാൻ ഇക്കാലത്തിനിടയിൽ റേഡിയോ കേരളത്തിന് കഴിഞ്ഞു.
പരിചയസമ്പന്നരായ അവതാരകരും പ്രൊഫഷണൽ വൈദഗ്ധ്യമുള്ള സാങ്കേതിക പ്രവർത്തകരുമാണ് റേഡിയോ കേരളത്തിന്റെ വാർത്തകളും വിനോദപരിപാടികളും തയ്യാറാക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധി റോഡ് ഷോകൾ നടത്തിയ റേഡിയോ കേരളം, രണ്ടാം വർഷത്തിൽ കൂടുതൽ പുതുമ നിറഞ്ഞ പ്രക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്.
14 മണിക്കൂർ 76 മിനുട്ട് നീളുന്ന മാരത്തൺ ലൈവിലൂടെയാണ് റേഡിയോ കേരളത്തിന്റെ ഒന്നാം വാർഷികാഘോഷം തുടക്കം കുറിക്കുന്നത്. എഫ്.എമ്മിന്റെ ചടുലതയും എ.എമ്മിന്റെ ആധികാരികതയും ഒത്തിണങ്ങിയ റേഡിയോ കേരളത്തിന്റെ, ടോൾ ഫ്രീ നമ്പർ 800 1476 ഇന്ന് പ്രാബല്യത്തിൽ വരും. യു.എ.ഇയ്ക്ക് പുറത്തുനിന്നുള്ളവർ +971 എന്ന കോഡ് ചേർത്താണ് ഈ നമ്പറിലേക്ക് വിളിക്കേണ്ടത്.
ഇന്ന് ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുന്ന എല്ലാവർക്കും സമ്മാനം ഉണ്ടാകും. കൂടാതെ, ഓരോ മണിക്കൂറിലും ഒരു ഗ്രാം സ്വർണ്ണവും മെഗാ വിന്നറിന് ഒരു പവൻ സ്വർണ്ണവും സമ്മാനിക്കും.
ഗൾഫിലെമ്പാടും 1476 എന്ന ഫ്രീക്വൻസിയിൽ റേഡിയോ കേരളത്തിന്റെ ഭൂതല പ്രക്ഷേപണം ലഭ്യമാണ്. റേഡിയോ കേരളത്തിന്റെ പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവയിലൂടെയും പ്രക്ഷേപണം ശ്രവിക്കാം.
കൂടാതെ, ആപ്പിൾ കാർപ്ലേ, ആമസോൺ അലക്സ തുടങ്ങിയ മറ്റു പ്ലാറ്റ്ഫോമുകളിലും റേഡിയോ കേരളത്തിന്റെ പ്രക്ഷേപണം ലഭിക്കും.