'റേഡിയോ കേരള'ത്തിന് ഗിന്നസ് തിളക്കം'

Update: 2023-11-05 09:51 GMT

റേഡിയോ കേരളം 1476 എ.എം അത്യപൂർവ ഗിന്നസ് നേട്ടം സ്വന്തമാക്കി. കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ 'കേരളീയം - 2023' സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഗിന്നസ് നേട്ടം. 67മത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം റേഡിയോ കേരളത്തിന് സ്വന്തമായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന 'ഓൺലൈൻ വീഡിയോ റിലേ' ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.

'കേരളീയം' സാംസ്കാരികോത്സവം ലോകശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞ ഘട്ടത്തിലാണ്, അതിന്റെ ഭാഗമായി ഇങ്ങനെയൊരു ഗിന്നസ് നേട്ടം റേഡിയോ കേരളം സ്വന്തമാക്കുന്നത്. ഗൾഫിലെമ്പാടും പ്രക്ഷേപണം എത്തുന്ന ഏക മലയാളം റേഡിയോ ആണ് റേഡിയോ കേരളം. എ.എമ്മിന്റെ ആധികാരികതയും എഫ്.എമ്മിന്റെ ചടുലതയും സമന്വയിപ്പിച്ച പ്രക്ഷേപണ രീതിയാണ് റേഡിയോ കേരളത്തിന്റെ സവിശേഷത. ഈ ഗിന്നസ് നേട്ടം തങ്ങളുടെ ലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് സമർപ്പിക്കുന്നതായി ടീം റേഡിയോ കേരളം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെ ആരംഭിച്ച ഓൺലൈൻ വീഡിയോ റിലേയിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നുളള കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ മാതൃഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നു. കിഫ്ബി ഉദ്യോഗസ്ഥരും ഈ നേട്ടത്തിന്റെ ഭാഗമായി. വിവിധ മേഖലകളിൽനിന്നുള്ള ലോക കേരള സഭാംഗങ്ങൾ, കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉപഭോക്താക്കൾ, പ്രവാസി ഡിവിഡന്റ് സ്കീമിലെ അംഗങ്ങൾ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ ഒട്ടേറെ വിദേശ പൗരന്മാരും അവരുടെ ഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നത് ഈ റെക്കോർഡ് നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

ഹിന്ദി, ഉർദു, മണിപ്പൂരി, ഗുജറാത്തി തുടങ്ങി ലിപിയുള്ള വിവിധ ഇന്ത്യൻ ഭാഷകൾക്കു പുറമേ, ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യൻ തുടങ്ങി നിരവധി വിദേശഭാഷകളിലുള്ള ആശംസകളും ഈ ഗിന്നസ് ദൗത്യത്തെ സമ്പന്നമാക്കി. അത്ര പ്രശസ്തമല്ലാത്ത ആഫ്രിക്കയിലെ വിവിധ പ്രാദേശിക ഭാഷകളിൽ വരെ ആശംസകൾ സമാഹരിക്കുവാൻ ടീം റേഡിയോ കേരളത്തിന് കഴിഞ്ഞു.

'മലയാളി ഡയസ്പോറ' ഇന്ന് ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു സമൂഹമാണ്. കേരളവും അതിന്റെ സംസ്കാരവും ലോകത്തിന് ഇന്ന് അപരിചിതമല്ല. 'ആഗോള കേരളം' എന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ഈ ഗിന്നസ് നേട്ടമെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

'കേരളീയം' വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഈ സാംസ്കാരിക മേള ഭാവികേരളത്തിനായുള്ള നിക്ഷേപമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ കേരളീയത്തിന്റെ ഭാഗമായി ഈ ഗിന്നസ് നേട്ടം, വരും വർഷങ്ങളിൽ നിരവധി ഭാഷകൾ ഉൾപ്പെടുത്തി കൂടുതൽ ശക്തമാക്കാനും റേഡിയോ കേരളത്തിന് പദ്ധതിയുണ്ട്. ലോകത്ത് ഇന്നും സജീവമായ 7000ൽ അധികം ഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേരുന്ന ഒരു ഓൺലൈൻ വീഡിയോ റിലേ ആണ് ആത്യന്തിക ലക്ഷ്യം. ആർക്കും തകർക്കാനാവാത്ത ആ മഹാലക്ഷ്യത്തിലേക്ക് ലോക മലയാളികളുടെയും ലോക കേരള സഭയുടെയും സഹകരണത്തോടെ ഒരിക്കൽ തങ്ങൾ എത്തിച്ചേരുമെന്ന് റേഡിയോ കേരളം അധികൃതർ വ്യക്തമാക്കി.

Tags:    

Similar News