പുതിയ സ്കൂളുകളിൽ ഒഴികെ 2024-25 അധ്യയന വർഷം പൂർണമായ ഗുണനിലവാര പരിശോധന നടത്തില്ലെന്ന് ദുബൈയിലെ സ്വകാര്യ സ്കൂൾ നിയന്ത്രണ അതോറിറ്റിയായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അടുത്ത അധ്യയന വർഷം പ്രവർത്തനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സ്കൂളുകളിൽ മാത്രമായിരിക്കും വിപുലമായ പരിശോധന നടത്തുക. ഇതുസംബന്ധിച്ച സർക്കുലർ ദുബൈയിലെ സ്കൂളുകൾക്ക് കെ.എച്ച്.ഡി.എ അയച്ചതായി പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ കെ.എച്ച്.ഡി.എ എല്ലാ വർഷവും ഗുണനിലവാര പരിശോധന നടത്തി റേറ്റിങ് നിശ്ചയിക്കാറുണ്ട്.
നിലവാരം അനുസരിച്ച് ഏറ്റവും മികച്ചത്, മികച്ചത്, സ്വീകാര്യമായത് എന്നിങ്ങനെ റേറ്റിങ് നൽകാറാണ് പതിവ്. ഈ റേറ്റിങ് അനുസരിച്ചാണ് സ്കൂളുകൾക്ക് ഫീസ് വർധ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുമതി നൽകുന്നത്. കഴിഞ്ഞ ദിവസം സ്കൂളുകളുടെ റേറ്റിങ്ങും കെ.എച്ച്.ഡി.എ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത അധ്യയന വർഷം മുതൽ പുതിയ സ്കൂളുകളിൽ മാത്രമായിരിക്കും വിപുലമായ പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കിയത്. എങ്കിലും സ്കൂളുകൾക്ക് പൂർണ പരിശോധന ആവശ്യപ്പെട്ട് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോക്ക് (ഡി.എസ്.ഐ.ബി) അപേക്ഷ സമർപ്പിക്കാം. ഇതു പരിശോധിച്ച് കെ.എച്ച്.ഡി.എ അനുമതി നൽകും. ഈ വർഷം ജൂലൈ അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും സർക്കുലറിൽ കെ.എച്ച്.ഡി.എ നിർദേശിച്ചിട്ടുണ്ട്.
അപേക്ഷ അംഗീകരിച്ച സ്കൂളുകളുടെ വിവരം 2024-25 അധ്യയന വർഷത്തിലെ ടേം 2ൽ പുറത്തുവിടും. അതേസമയം, നിലവിൽ നടന്നുവരുന്ന നിരീക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രത്യേക ശ്രദ്ധവേണ്ട മേഖലകളിൽ ഡി.എസ്.ഐ.ബി പരിശോധന നടത്തും. അടുത്ത അധ്യയന വർഷം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളെയും മുൻഗണനകളെയും കുറിച്ച് സ്കൂളുകളെ മുൻകൂട്ടി അറിയിക്കും. സ്വയം വിലയിരുത്തൽ ഫോറം എല്ലാ സ്കൂളുകളും നിർബന്ധമായും അപ്ഡേറ്റ് ചെയ്യണം. അടുത്ത അധ്യയന വർഷം മുഴുവൻ സ്കൂളിന്റെ പ്രഫൈൽ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യണമെന്നും സർക്കുലർ നിർദേശിക്കുന്നു.