പൊതുഗതാഗത സർവീസ് ; പരിഷ്കരിച്ച ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി
എമിറേറ്റിലെ പൊതുഗതാഗത സർവിസുകൾ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഗതാഗത ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ബസ്, ജലഗതാഗതം ഉൾപ്പെടെ പൊതുഗതാഗത സർവിസുകളെ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് മാപ്പിന്റെ രൂപകൽപന.
ബസ് സർവിസ് റൂട്ടുകളും സ്റ്റോപ്പുകളും തിരിച്ചറിയുന്നതിന് പ്രത്യേക നിറങ്ങളാണ് പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി യാത്ര ലളിതമാക്കാനും സഹായിക്കും. കൂടാതെ അജ്മാനിലെ സുപ്രധാന മേഖലകളെ മാപ്പിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ദുബൈ, ഷാർജ തുടങ്ങിയ അയൽ എമിറേറ്റുകളിലേക്ക് നേരിട്ടുള്ള കണക്ഷൻ സർവിസുകൾ വ്യക്തമാക്കുന്നതിന് പുറമേ, എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ് മാർക്കുകൾക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകളും മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
യാത്ര വിവരങ്ങൾ കൂടുതൽ സമഗ്രമാക്കുന്നതിന്റെ ഭാഗമായി മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളും മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ യാത്ര സുഗമമാക്കുന്നതിന് നിർദിഷ്ട പ്രദേശങ്ങളിൽ ഓൺ-ഡിമാൻഡ് ബസ് സർവിസുകളുടെ വിവരങ്ങളും മാപ്പിൽ ലഭ്യമാകും.
അജ്മാനിലെ പൊതുഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്കരിച്ച മാപ്പ് പുറത്തിറക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി സി.ഇ.ഒ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു.