യുഎഇയിൽ പുതിയ അഡ്മിഷൻ തേടി രക്ഷിതാക്കൾ; തിരക്ക് കൂടുതൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ
പുതിയ അഡ്മിഷൻ തേടി യുഎഇയിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ . നാട്ടിൽ നിന്ന് പുതുതായി എത്തിയ വിദ്യാർഥികളുടെ മാതാപിതാക്കളാണ് സീറ്റിനായി സ്കൂളുകളിൽ കയറിയിറങ്ങുന്നത് .ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിലാണ് അപേക്ഷകരുടെ തിരക്ക് . കൂടാതെ പ്രാദേശികമായി സ്കൂളുകൾ മാറാനായി അപേക്ഷിച്ചവരുമുണ്ട് . യുഎഇയിൽ സീറ്റിന്റെ ലഭ്യത അനുസരിച്ച് ഏപ്രിൽ , സെപ്റ്റംബർ മാസങ്ങളിൽ അഡ്മിഷൻ എടുക്കാറുണ്ട് . ഇതാണ് ഇപ്പോഴത്തെ തിരക്കിനു കാരണം . ടിസി വാങ്ങിപ്പോയ പരിമിത സീറ്റുകളിലേക്ക് നേരത്തെ പ്രവേശന പരീക്ഷ എഴുതി കാത്തിരിക്കുന്നവരെയാണ് പരിഗണിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു . പിന്നീട് വരുന്ന ഒഴിവിലേക്കു പരിഗണിക്കാമെന്നു പറഞ്ഞ് പേരും ഫോൺ നമ്പറും വാങ്ങിവയ്ക്കുന്നുമുണ്ട് .
യുഎഇയിലെ വിവിധ എമിറേറ്റിലെ സ്കൂളുകളിൽ ദിവസേന നൂറോളം പേർ അഡ്മിഷനുവേണ്ടി വരുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു . എന്നാൽ നിലവിലെ ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികളെ എടുക്കരുതെന്ന് അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശമുണ്ട് . അതിനാൽ അധികം വിദ്യാർഥികളെ ചേർക്കാൻ നിർവാഹമില്ലെന്ന് സ്കൂളുകൾ വ്യക്തമാക്കുന്നു .കെജി മുതൽ പ്രൈമറി ക്ലാസുകളിലേക്കാണ് കൂടുതൽ പേർ സീറ്റിന് സമീപിക്കുന്നത് . മറ്റ് ക്ലാസുകളിലേക്ക് അപേക്ഷ താരതമ്യേന കുറവാണ് .
നാട്ടിൽ 10 -ാം ക്ലാസ് വരെ പഠിച്ച് പ്ലസ് വണ്ണിന് ഇവിടെ ചേരാൻ വരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട് . ഇവർക്ക് അഡ്മിഷൻ കൊടുക്കുന്നത് കരുതലോടെയാണ് . യുഎഇയിൽ ഏപ്രിലിൽ അധ്യയനം ആരംഭിച്ച് പകുതിയോളം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തതിനാൽ പുതുതായി എത്തുന്നവർക്ക് പഠനത്തുടർച്ച പ്രയാസമാകുമെന്ന് അധ്യാപകർ സൂചിപ്പിക്കുന്നു . മാത്രവുമല്ല സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഒരാഴ്ച കൂടിയേ ഉള്ളൂ .അതിനിടയിൽ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുമതി എടുക്കുക പ്രയാസമാകും . ഇതേസമയം കേരള സിലബസിലെ വിദ്യാർഥികൾക്ക് രജിസ്ട്രേഷന് ഒരു മാസത്തെ സമയമുണ്ട് .