യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വൺ ഡേ ടെസ്റ്റുമായി റാസൽഖൈമ എമിറേറ്റും. നേരത്തെ ഷാർജയും വൺ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കുന്നു.
ജൂലൈ 17 തിങ്കളാഴ്ച മുതലായിരിക്കും വൺ ഡേ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം അവസാനം വരെ ഈ പദ്ധതി തുടരുമെന്ന് അധികൃകർ അറിയിച്ചു. പദ്ധതി കാലാവധി അടുത്തവർഷത്തേക്ക് നീട്ടുന്ന കാര്യം ഈ വർഷം അവസാനം തീരുമാനിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് ഒരേ ദിവസം നടത്തി ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കി.
പുതിയ പദ്ധതിയിലൂടെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഒരു ദിവസംകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. റാസല്‍ഖൈമ പൊലീസിലെ വെഹിക്കിള്‍ക് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അറിയിച്ചതാണ് ഇക്കാര്യം.