സ്റ്റാർട്ടപ്പുകൾക്കും സോഷ്യൽ മീഡിയ കണ്ടന്റ് നിർമാതാക്കൾക്കും മികച്ച നിക്ഷേപം കണ്ടെത്താൻ അവസരമൊരുക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ മൂന്നാം എഡിഷനിലേക്ക് ആശയങ്ങൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ അഞ്ചു വരെ നീട്ടി. നേരത്തേ സെപ്റ്റംബർ 20നായിരുന്നു അവസാന തീയതി. അടുത്ത വർഷം ജനുവരി 11 മുതൽ 13 വരെ ദുബൈയിലാണ് പരിപാടി നടത്തുന്നത്. വൻകിട നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ കണ്ടന്റ് നിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണിത്.
ന്യൂ മീഡിയ അക്കാദമിയാണ് മത്സരത്തിന്റെ സംഘാടകർ. മത്സരത്തിൽ വിജയിക്കുന്ന രണ്ടുപേർക്ക് നിക്ഷേപം, നയപരമായ സഹകരണം, രക്ഷാധികാരം എന്നിവ ഉൾപ്പെടെയുള്ള പിന്തുണ ലഭിക്കും. ഏറ്റവും മികച്ച നിക്ഷേപകർക്ക് ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്. മികച്ച 25 ആശയങ്ങളാണ് തെരഞ്ഞെടുക്കുക. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് വ്യവസായ വിദഗ്ധർ നയിക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും.
ജനുവരിയിൽ നടക്കുന്ന ഇവന്റിൽ പങ്കെടുക്കാനും പിന്തുണയും നിക്ഷേപവും നേടാനുമുള്ള വൈദഗ്ധ്യവും അറിവും പകർന്നുനൽകുകയും ചെയ്യും. അപേക്ഷകർ 18 വയസ്സ് പൂർത്തിയായവർ ആയിരിക്കണം. ഓരോ സ്റ്റാർട്ടപ്പിനും ഒരു ബിസിനസ് ആശയം സമർപ്പിക്കാം. വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.