ദുബായ് കോടതികളിൽ ഇനി വിധികൾ വേഗത്തിലാകും; പദ്ധതിക്ക് ഷെയ്ഖ് മക്തൂം അംഗീകാരം നൽകി
ദുബായ് കോടതികളുടെ സിവിൽ വിധികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതിക്ക് ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജുഡീഷ്യൽ നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള നീക്കമെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. എമിറേറ്റിന്റെ ആഗോള മത്സരക്ഷമത ഉറപ്പാക്കുന്നതിനും നടപടി അത്യന്താപേക്ഷിതമാണ്.
തന്ത്രപരമായ പുതിയ പദ്ധതി ദുബായിയുടെ നീതിന്യായ വ്യവസ്ഥയിൽ നിരന്തരം മികവ് ഉയർത്തുന്നതിനും ഉയർന്ന നിലവാരമുള്ള പൊതു സേവനങ്ങൾ നൽകുന്നതിനുമുള്ള ദുബായിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റാനും ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാഴ്ചപ്പാടിനെ ഈ പ്രതിബദ്ധത പിന്തുണയ്ക്കുന്നുവെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു.
പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഒട്ടേറെ നൂതന സംരംഭങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. വിധികൾ വേഗത്തിൽ നടപ്പാക്കാനും ജുഡീഷ്യൽ സേവനങ്ങളുടെ കാര്യക്ഷമതയെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികൾ പരിഹരിക്കാനും കോടതി വിധി നടപ്പാക്കുന്നതിനുള്ള പ്രക്രിയകൾക്കുമുള്ള പ്രതിബദ്ധത ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ തരേഷ് ഈദ് അൽ മൻസൂരി വ്യക്തമാക്കി.
വേഗത്തിനും കാര്യക്ഷമതയ്ക്കും സേവന മികവിനും വേണ്ടിയുള്ള ആഗോള മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു നൂതന നീതിന്യായ സംവിധാനം ദുബായിൽ സൃഷ്ടിക്കാൻ പുതിയ സംരംഭങ്ങൾ സഹായിക്കും. കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലെ വെല്ലുവിളികൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനം ദുബായ് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ സംവിധാനത്തിൽ ഏറ്റവും സുതാര്യതയും വേഗവും കാര്യക്ഷമതയും നിലനിർത്തുന്നതിനും കേസിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ദുബായ് കോടതികളുടെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സംരംഭമെന്ന് ദുബായ് കോടതികളുടെ എക്സിക്യൂഷൻ കോടതി പ്രസിഡന്റ് ജസ്റ്റിസ് ഖാലിദ് അൽ മൻസൂരി പറഞ്ഞു.