സർക്കാർ തലത്തിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് അബൂദബിയിൽ പ്രത്യേക വകുപ്പിന് രൂപം നൽകി. അബൂദബി ഭരണാധികാരി എന്ന അധികാരം ഉപയോഗിച്ച് യു.എ.ഇ പ്രസിഡന്റാണ് പുതിയ വകുപ്പ് പ്രഖ്യാപിച്ചത്. ഡിപാർട്ട്മെന്‍റ് ഓഫ് ഗവൺമെന്റ് എനാബ്ൾമെന്റ് എന്ന പേരിലാണ് പുതിയ വകുപ്പ്. അബൂദബി മീഡിയ ഓഫിസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനം ലഭ്യമാക്കാൻ പുതിയ വകുപ്പ് സഹായിക്കും. മനുഷ്യ മൂലധനവും ഡിജിറ്റലൈസേഷനും വർധിപ്പിക്കുന്ന അബൂദബി സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുക. ഡിജിറ്റൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക, സർക്കാർ സ്ഥാപനങ്ങളിലുടനീളം കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും കൂട്ടുന്നതിന് സഹകരണം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് വകുപ്പിന്‍റെ ലക്ഷ്യങ്ങൾ. അബൂദബി ഡിജിറ്റൽ അതോറിറ്റി, അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ്, ഹ്യൂമൺ റിസോഴ്സ് അതോറിറ്റി, ഡിപാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് സപോർട്ട് എന്നീ വകുപ്പുകൾക്ക് പകരമായിരിക്കും പുതിയ വകുപ്പ്. സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ- അബൂദബി പുതിയ വകുപ്പിന്‍റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു.
മെച്ചപ്പെട്ട ഉപഭോക്തൃ സേവനം പ്രദാനം ചെയ്യുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ അബൂദബി ഭരണനേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും മീഡിയ ഓഫിസ് അറിയിച്ചു. 2021 ഒക്ടോബറിൽ പുറത്തുവിട്ട 118 സ്മാർട്ട് നഗരങ്ങളുടെ ആഗോള റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ കൂടി കടന്ന് അബൂദബി 28ാം സ്ഥാനത്തെത്തിയിരുന്നു.