'ഫ്രീ ലാൻസ് വിസ' എന്ന പേരിൽ യു.എ.ഇ സർക്കാർ വിസ ഇറക്കുന്നില്ല; വിസ തട്ടിപ്പിനെതിരെ ജാഗ്രത
ഫ്രീലാൻസ് വിസ എന്ന പേരിൽ യുഎഇ സർക്കാർ വിസ ഇറക്കുന്നില്ലെന്ന് ഡോക്യൂമന്ററി ക്ലിയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ. ഫ്രീലാൻസ് വിസ, പാർട്ണർ വിസ തുടങ്ങിയ പേരുകളിൽ യു.എ.ഇയിൽ വ്യാപക വിസാതട്ടിപ്പ് നടക്കുന്നതായും കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ചില സ്ഥാപനങ്ങൾ നടത്തുന്ന നിയമവിരുദ്ധ പ്രവണതക്കെതിരെ ജാഗ്രതവേണമെന്ന് ഡോക്യുമെന്റ്സ് ക്ലിയറിങ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനയായ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.എ.ഇയിലെ വിസാ ഫീസ് നിരക്കുകൾ സർക്കാർ വെബ്സൈറ്റുകളിൽ വ്യക്തമാക്കിയിരിക്കേ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ വിസ നൽകുമെന്ന വാഗ്ദാനം കബളിപ്പിക്കലും നിയമവിരുദ്ധവുമാണ്. പലപ്പോഴും മാതാപിതാക്കളെയോ വീട്ടുജോലിക്കാരെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ സ്വന്തം സ്പോൺസർഷിപ്പിൽ കഴിയാത്ത സാഹചര്യത്തിലാണ് ഫ്രീ ലാൻസ് എന്ന പേരിൽ ലഭിക്കുന്ന പാർട്ണർ വിസയെ ആശ്രയിക്കുന്നത്. ഇത്തരം ആവശ്യക്കാർ വിസക്കായി നൽകുന്ന രേഖകൾ ഉപയോഗിച്ച് ട്രേഡ് ലൈസൻസ് പുറത്തിറക്കുകയും അതിൽ പാർട്ണർ വിസ നൽകുകയും ചെയ്താണ് തട്ടിപ്പ്.ഈ ലൈസൻസിൽ അപേക്ഷകർ അറിയാതെ മറ്റു പാർട്ണർ വിസയും തുടർന്ന് എംപ്ലോയ്മെന്റ് വിസയും പലർക്കായി നൽകും. ഒരു വർഷത്തിനുശേഷം ലൈസൻസ് കാലാവധി അവസാനിക്കുകയും അതിന് കീഴിൽ വിറ്റഴിച്ച എംപ്ലോയ്മെന്റ് വിസക്കാരുടെ ഉത്തരവാദിത്തം കൂടി ഈ പാർട്ണർമാരുടെ പേരിലാവുകയും ചെയ്യും.
ഇതിൽ എംപ്ലോയ്മെന്റ് വിസയെടുത്തവർ മറ്റൊരു ജോലിക്കായി വിസ കാൻസൽ ചെയ്യേണ്ട സമയത്ത് ലൈസൻസ് ഉടമയെ കിട്ടാതിരിക്കുകയും ലേബർ കോടതിയിൽ പരാതി നൽകുകയും ചെയ്യും. തുടർന്ന് ലേബർ കോടതിയിൽനിന്ന് സമൻസ് വരുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. ഇത്തരം വിസ വിൽപനക്കാരെ പ്രോത്സാഹിപ്പിക്കും വിധം ചില വ്ലോഗർമാരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഒരുവർഷ വിസയുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. യഥാർഥത്തിൽ ഇത് റിമോട്ട് വർക്ക് വിസയാണ്. അഥവ യു.എ.ഇക്ക് പുറത്തുള്ള കമ്പനികളിൽ 3500 ഡോളറിന് മുകളിൽ ശമ്പളമുള്ളവർക്ക് യു.എ.ഇയിൽ താമസിച്ച് വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയാണിത്. ഈ വിസയെ മറയാക്കി തട്ടിക്കൂട്ടിയ കമ്പനികളിൽ താൽക്കാലികമായി വലിയ ശമ്പളക്കരാർ നിർമിച്ച് അതിന്റെ പേരിൽ വിസ സംഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇത്തരം തട്ടിപ്പുകളിലും വഞ്ചിതരാവരുതെന്ന് മൾട്ടി സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. അബ്ദല്ല മഹമൂദ്, ടി.വി. സവാദ്, ഇ.സി. യാസർ, കെ.കെ.സി. ദാവൂദ് എന്നിവരും സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞങ്ങാട്, എം.കെ. ഹാഷിർ, സി.എ. റഷീദ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.