ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് മാർഗ നിർദേശവുമായി കൂടുതൽ എയർലൈനുകൾ

Update: 2024-06-21 10:29 GMT

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വീസയിൽ വരുന്നവർക്കുള്ള മാർഗനിർദേശങ്ങളുമായി കൂടുതൽ ഇന്ത്യൻ എയർലൈനുകൾ രംഗത്ത്. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ സന്ദർശക വീസക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജന്‍റുമാർക്ക് എയർലൈനുകൾ ഉപദേശങ്ങൾ നൽകി.

ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ പറക്കുന്ന ഒട്ടേറെ എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജന്‍സികൾക്ക് ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റ് എയർലൈനുകൾ എന്നിവയിൽ നിന്ന് സർക്കുലറുകൾ ലഭിച്ചതായി ട്രാവൽ ഏജന്‍റുമാർ പറഞ്ഞു. സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ നിർബന്ധമായും കൈവശം വയ്ക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണം. സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ തെളിവ്, 1 മാസത്തെ വീസയ്ക്ക് 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം, കൂടാതെ ബന്ധുക്കളുടെയോ യുഎഇയിൽ താമസ വീസയുള്ള സുഹൃത്തുക്കളുടെയോ രേഖകളും കരുതണം.

∙രേഖകളില്ലെങ്കിൽ യാത്ര മുടങ്ങും

ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ അവരുടെ വിമാനത്തിൽ ബോർഡിങ് പാസ് നിഷേധിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിങ് ഏജൻസിയിൽ നിന്ന് ഈടാക്കുമെന്നും പറയുന്നു.

∙യാത്ര മുടങ്ങിയാൽ നഷ്ടം ട്രാവൽ ഏജൻസിക്ക്

വിമാന കമ്പനി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ വിമാനത്താവളത്തിലെത്തി യാത്ര നിഷേധിക്കപ്പെട്ടാൽ മടക്കയാത്രയുടെ ചെലവ് ട്രാവൽ ഏജൻസി വഹിക്കേണ്ടിവരും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നതായി ട്രാവൽസ് അധികൃതർ പറഞ്ഞു.

യുഎഇയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടാൽ യാത്രക്കാരനെ സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുന്നത് എയർലൈനിന്‍റെ ഉത്തരവാദിത്തമാണെന്നും ബോർഡിങ് പാസ് നൽകുന്നതിന് മുമ്പ് കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ട്രാവൽസ് അധികൃതർ പറഞ്ഞു. അടുത്തിടെ, ഇത്തരം നിർദേശങ്ങൾ നടപ്പിലാക്കിയത് അറിയാതെ യുഎഇയിലേയ്ക്ക് പുറപ്പെട്ട ഒട്ടേറെ മലയാളികൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങിയിരുന്നു.

Tags:    

Similar News