'മന്ത്രിമാരുടെ പ്രസ്താവന അപകടകരം'; ഇസ്രായേലിനെ വിമർശിച്ച് യു.എ.ഇ

Update: 2024-01-06 06:51 GMT

പലസ്തീൻ ജനതയെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഇസ്രയേൽ ധനകാര്യ മന്ത്രി ബിസാലിൽ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിർ എന്നിവരാണ് ഗസ്സയെ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങൾ നിർമിക്കാനും ആവശ്യപ്പെട്ടത്. അപകടകരമായ പ്രസ്താവനയെ അപലപിച്ച യു.എ.ഇ, മേഖലയിൽ കൂടുതൽ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുമാറുള്ള എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.

ഗാസ്സയിൽ അടിയന്തിരമായി രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണം. അതോടൊപ്പം മേഖലയിലേക്ക് ജീവകാരുണ്യ സഹായങ്ങൾ സുരക്ഷിതമായും സുസ്ഥിരമായും എത്തിക്കാനുള്ള സാഹചര്യവുമൊരുങ്ങണം. രോഗികളും കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കമുള്ള ദുർബലരെ സംരക്ഷിക്കുന്നതിന് നടപടി വേണം -യുഎ.ഇ ആവശ്യപ്പെട്ടു.

യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ പൂർണമായും അടിയന്തിരമായി നടപ്പിലാക്കാൻ നടപടിയുണ്ടാകണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ ജീവനഷ്ടം ഒഴിവാക്കുന്നതിന് അടിയന്തിര വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹം നീക്കം സജീവമാക്കണം, അധിനിവിഷ്ട പലസ്തീൻ പ്രദേശത്തെ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നത് തടയണം, സമഗ്രവും നീതിപൂർണവുമായ സമാധാനത്തിന് ശ്രമം സജീവമാക്കണം, അക്രമം മേഖലയിൽ വ്യാപിക്കുന്നത് തടയാൻ നടപടിയുണ്ടാകണം എന്നീ ആവശ്യങ്ങളും പ്രസ്താവനയിൽ മന്ത്രാലയം ഉയർത്തി.

Tags:    

Similar News