ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ വഴി പുതുക്കാം; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ
മൊബൈൽ ഫോൺ വഴി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും പുതുക്കുന്ന സംവിധാനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സാംസങ് ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക.
സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ആർ.ടി.എ ആപ് വഴി അവരുടെ സാംസങ് വാലറ്റിലേക്ക് നേരിട്ട് ചേർക്കാം. ഇതിലൂടെ ഒന്നിലധികം ആപ്പുകളുടെ ആവശ്യം ഇല്ലാതാകുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യാനുമാകും. ആർ.ടി.എ ആപ്പിന്റെ പുതിയ പതിപ്പിൽ വ്യക്തിഗതമായ ഡാഷ്ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങളെ ഒരു സ്ക്രീനിലേക്ക് ഏകീകരിക്കുന്ന ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് വാഹനവും ഡ്രൈവിങ് ലൈസൻസും പുതുക്കാനും പാർക്കിങ് ടിക്കറ്റുകൾ വാങ്ങാനും കഴിയും.
സംവിധാനത്തിലെ എല്ലാ ഡേറ്റയും സുരക്ഷിതമാണെന്നും സ്വകാര്യത ഉയർന്ന നിലവാരത്തിൽ സംരക്ഷിക്കപ്പെടുമെന്നും ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്നതിനുള്ള ആർ.ടി.എയുടെയും സാംസങ്ങിന്റെയും പ്രതിബദ്ധതയെ ഇത് അടിവരയിടുന്നുണ്ടെന്നും ആർ.ടി.എ സ്മാർട്ട് സർവിസസ് ഡയറക്ടർ മീര അൽ ശൈഖ് പറഞ്ഞു.
സ്മാർട്ട് ഫോണുകൾ വഴി നഗര ഗതാഗതവും ഡിജിറ്റൽ ഭാവിയിലേക്കുള്ള പുരോഗതിയും വിപ്ലവം സൃഷ്ടിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാകാനുള്ള ദുബൈയുടെ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
സുരക്ഷക്ക് മുൻഗണന നൽകുന്നതിനും ഉപഭോക്തൃ ഡേറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി ശക്തമായ മിലിട്ടറി ഗ്രേഡ് നോക്സ് സുരക്ഷ സ്യൂട്ട് ഉപയോഗപ്പെടുത്തിയതായി സാംസങ് ഗൾഫ് ഇലക്ട്രോണിക്സിലെ മൊബൈൽ എക്സ്പീരിയൻസ് വിഭാഗം മേധാവി ഫാദി അബു ശാമാത്ത് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കൾക്കായി ആർ.ടി.എ ഡിജിറ്റൽ ‘നോൽപേ’ പുറത്തിറക്കിയിരുന്നു. ഇതുവഴി യാത്രക്ക് പണമടക്കാൻ സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ ടാപ് ചെയ്താൽ മതിയാകും. റീടെയിൽ ഷോപ്പുകൾ, പലചരക്ക് സാധനങ്ങൾ, പൊതു പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയിലും മറ്റും ഡിജിറ്റൽ നോൽ കാർഡ് ഉപയോഗിക്കാവുന്നതാണ്.