തൊഴിൽ അന്വേഷകർ മനുഷ്യക്കടത്ത് ചതിയിൽ വീഴരുത്; മുന്നറിയിപ്പുമായി അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ

Update: 2023-09-12 09:26 GMT

മനുഷ്യക്കടത്തുകാരുടെ ചതിയിൽ വീഴാതിരിക്കാൻ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണമെന്ന് അബുദാബി സെന്റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ സെന്റർ അറിയിച്ചു. ഈ വർഷം ആദ്യ 6 മാസത്തിനിടെ 182 പീഡന, മനുഷ്യക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ജോലി നൽകാമെന്ന് അറിയിച്ച് സമീപിക്കുന്നവരോട് നിയമനം നൽകുന്ന കമ്പനിയുടെ പൂർണ വിവരങ്ങൾ ചോദിച്ചറിയണം.പ്രസ്തുത സ്ഥാപനങ്ങൾ നിലവിലുണ്ടോ എന്നും നിജസ്ഥിതിയും അന്വേഷിച്ച് അറിഞ്ഞ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ. ഓഫർ ലെറ്ററുകളും തൊഴിൽ കരാറുകളും സൂക്ഷ്മമായി വായിച്ച് വ്യാജമല്ലെന്നു ബോധ്യപ്പെട്ട ശേഷമേ ഒപ്പിടാവൂ. നിയമനത്തിനു പണം നൽകരുത്. സംശയാസ്പദ ജോലി വാഗ്ദാനത്തെക്കുറിച്ച് 800 7283 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.

മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ട 182 പേർക്ക് അഭയം നൽകി പുതുജീവിതത്തിലേക്കു കൊണ്ടുവരാനായതായും സെന്റർ അറിയിച്ചു.77% പേരെ പുനരധിവസിപ്പിച്ചു. പീഡിക്കപ്പെടുന്നവരിൽ 85% വനിതകളാണ്. കുട്ടികൾ ഉൾപ്പെടെ ഗാർഹിക പീഡനങ്ങൾക്ക് വിധേയമായവർക്കും സംരക്ഷണവും അബുദാബി പൊലീസുമായി സഹകരിച്ച് സഹായവും നൽകി.

മദ്യപാനം, ലഹരി ഉപയോഗം, പുകയില, സാമൂഹിക വിരുദ്ധ മനോഭാവം, വാക്കുതർക്കം, വരുമാനക്കുറവ്, തൊഴിലില്ലായ്മ, ദാമ്പത്യ ജീവിതത്തിലെ അസ്ഥിരത, വിവാഹമോചനം, അസാധാരണ കുടുംബ ബന്ധങ്ങൾ, രക്ഷിതാക്കളുടെ പരിചരണത്തിന്റെ അഭാവം, സാമ്പത്തിക സമ്മർദങ്ങൾ, മാതാപിതാക്കളുമായോ പരിചരിക്കുന്നവരുമായോ ഉള്ള വൈകാരിക അടുപ്പം എന്നിവയെല്ലാം വീടുകൾക്കുള്ളിലെ ദേഹോപദ്രവത്തിനു കാരണമായതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

Tags:    

Similar News