രാജ്യം കടുത്ത ചൂടിലേക്ക് കടക്കുകയാണ്. അത്കൊണ്ട് തന്നെ താമസക്കാർക്കിടയിൽ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇയിലെ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം ക്യാമ്പയിൻ തുടങ്ങുന്നത്. തിങ്കളാഴ്ച മുതൽ ഷാർജ എമിറേറ്റിലാണ് ക്യാമ്പയിൻ ആരംഭിക്കുക. സാധാരണ ഗതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്.
വേനൽക്കാലം അവസാനിക്കുന്നത് വരെ തുടരുന്ന ക്യാമ്പയിനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനവും ബോധവത്കരണ ക്ലാസുകളും ഒരുക്കും. എല്ലാ വർഷവും ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ പന്ത്രണ്ടാം എഡിഷനാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ഷാർജ കുടുംബകാര്യ സുപ്രീം കൗൺസിൽ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ചൂടുകാലത്ത് അനുവർത്തിക്കേണ്ട ജീവിതശൈലി, ചൂട് മൂലമുണ്ടാകുന്ന അപകട സാധ്യതകൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിന്റെ ആവശ്യം തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. ഷാർജ സർക്കാറിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ആർക്കും ക്യാമ്പയിനിന്റെ ഭാഗമാകാമെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധി മുഹമ്മദ് അൽ സറൂനി വ്യക്തമാക്കി.