ദുബായിലെ താമസവാടക ഒന്നര വർഷത്തിന് ശേഷം കുറയുമെന്ന് റിപ്പോർട്ട്. അടുത്ത 18 മാസങ്ങളിൽ മാറ്റമില്ലാതെ തുടരുമെന്നും എസ് ആൻഡ് പി ഗ്ലോബൽ വിശകലനവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ വാടകയിൽ വലിയ വർധനവുണ്ട്. എന്നാൽ ഒന്നര വർഷത്തിനുശേഷം ലഭ്യത കൂടുന്നതിനനുസരിച്ച് വാടക കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.
ദുബായുടെ പ്രോപ്പർട്ടി മാർക്കറ്റ് നിലവിൽ ശക്തമായ നിലയിൽ തുടരുമെന്നും അന്താരാഷ്ട്ര റേറ്റിങ് ഏജൻസി പുറത്തിറക്കിയ കുറിപ്പിലുണ്ട്. 2022-2023 ൽ ബുക്ക് ചെയ്ത ധാരാളം പ്രോപ്പർട്ടികൾ ഒന്നരവർഷത്തിനകം കൈമാറ്റാം ചെയ്യപ്പെടും. 2025-2026 കാലയളവിൽ റെസിഡൻഷ്യൽ സപ്ലൈ സ്റ്റോക്ക് ഏകദേശം 1,82,000 വർധിക്കും. ഇത് 2019-2023 കാലയളവിൽ പ്രതിവർഷം വിതരണം ചെയ്ത ശരാശരി 40,000 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണെന്നും എസ് ആൻഡ് പി ഗ്ലോബലിലെ പ്രൈമറി ക്രെഡിറ്റ് അനലിസ്റ്റ് സപ്ന ജഗ്തിയാനി പറഞ്ഞു. കോവിഡിന് ശേഷം ദുബായ് ലാൻഡ് പ്രോപ്പർട്ടി മാർക്കറ്റിന് വലിയ ഡിമാൻഡുണ്ട്. 2026 ഓടെ ദുബായിലെ ജനസംഖ്യ നാല് മില്യനാകുമെന്നും എസ് ആൻഡ് പി ഗ്ലോബൽ പ്രതീക്ഷിക്കുന്നു.
വാടകയിനത്തിൽ തുകയെത്ര വർധിക്കും എന്നറിയാനുള്ള സൗജന്യ ഓൺലൈൻ റെന്റൽ ഇന്റക്‌സ് ടൂളാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഥവാ റെറ. പ്രദേശത്തെ സമാന യൂണിറ്റുകളുടെ വാടക എന്താണെന്നും അത്തരം യൂണിറ്റുകളുടെ അനുവദനീയമായ വാടകവർധനവിനെക്കുറിച്ചും റെറയിലൂടെ മനസ്സിലാക്കാം.