അനധികൃത ടാക്സികൾ പെരുകുന്നു; യാത്രക്കാർ അംഗീകൃത യാത്രാമാർഗങ്ങൾ സ്വീകരിക്കണം
അനധികൃത ടാക്സി സർവിസ് പിടിക്കപ്പെട്ടാൽ 3000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസൻസിൽ 24 ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും. അനധികൃത ടാക്സി സർവിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികർക്കുണ്ടാവുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് ബോധവത്കരിക്കുന്നുണ്ട്. ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോവരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായും അനധികൃത ടാക്സി സർവിസുകൾ ഇല്ലാതാക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ. അബൂദബിയുടെ വിവിധ മേഖലകളിൽ സർവിസ് നടത്തിയിരുന്ന ആയിരക്കണക്കിന് അനധികൃത ടാക്സി വാഹനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി പിടികൂടിയിട്ടുണ്ട്. യാത്രികരെ ഇറക്കുമ്പോഴും കയറ്റുമ്പോഴുമായി രഹസ്യ പൊലീസ് ആണ് വാഹനങ്ങൾ പിടികൂടുന്നത്.