യു.എ.ഇയിലെ ആദ്യത്തെ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന തേൻ പരിശോധന ലാബ് അബൂദബിയിൽ ആരംഭിച്ചു. പ്രാദേശികവും അന്തർദേശീയവുമായ തേൻ ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന, പരിശുദ്ധി, ആധികാരികത എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ലാബ് രൂപപ്പെടുത്തിയിരിക്കുന്നത്.
അബൂദബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ(എ.ഡി.ക്യു.സി.സി) എം-42വിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഹണി ക്വാളിറ്റി ലബോറട്ടറി മസ്ദർ സിറ്റിയിലെ സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറിയിലാണ് സ്ഥിതി ചെയ്യുന്നത്. തേനിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനൊപ്പം മാലിന്യം കണ്ടെത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പരിശോധനകൾ നടത്തുന്നതിന് ലാബിൽ സംവിധാനമുണ്ട്.
നിർമിത ബുദ്ധി സംവിധാനത്തിലുള്ള ലാബ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ് ടൂളുകൾ, ലാർജ് ലാൻഗ്വാജ് മോഡൽസ് എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. നിലവിലുള്ള പരമ്പരാഗത തേൻ പരിശോധന സംവിധാനങ്ങളേക്കാൾ കൂടുതൽ കൃത്യമായ പരിശോധന ഫലങ്ങൾ നൽകാൻ കഴിയുമെന്നാണ് ലാബിന്റെ ഗുണം.
ലാബിൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഫാമുകളിലെ ഉൽപാദകർക്കും തേൻ പരിശോധന നടത്തുന്നതിന് സൗകര്യമുണ്ട്. അതോടൊപ്പം പൊതുജനങ്ങൾക്കും സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണമായും ഓട്ടോമേറ്റഡ് ലാബിൽ പരിചയസമ്പന്നരായ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് പ്രവർത്തിക്കുന്നത്.