വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ മഴയും പ്രതികൂലമായ കാലാവസ്ഥയും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ രൂപപ്പെടുന്നത് സംബന്ധിച്ച് അറിയിച്ചത്. ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റിനും ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുള്ളതായി അറിയിച്ചത്.
വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകൽ വരെ രാജ്യത്തിന്റെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴക്കും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളം നിറയുന്ന വാദികളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ദേശീയ ദുരന്തനിവാരണ സമിതി നിർദേശം നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ആലിപ്പഴ വർഷ സാധ്യതയുള്ളതിനാൽ സുരക്ഷ മുന്നൊരുക്കം നടത്താനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അന്തരീക്ഷം മൂടിക്കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണം. സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ പിഴ ചുമത്തും. 1000 ദിർഹം പിഴയും 60 ദിവസം വരെ വാഹനം പിടിച്ചെടുക്കലുമാണ് അപകടകരമായ വാദികളിൽ പ്രവേശിച്ചാൽ ശിക്ഷ. അൽദഫ്റ, അൽഐൻ പ്രദേശങ്ങളിലാണ് മഴ ആദ്യമെത്തുക. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് പിന്നീട് മഴ വ്യാപിക്കും.
അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രത്യേക സംയുക്ത സംഘം യോഗം ചേർന്നു. ഓരോ എമിറേറ്റിലും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ അതതിടങ്ങളിലെ അധികൃതർ തീരുമാനിക്കും. സ്കൂൾ അടക്കമുള്ള സംവിധാനങ്ങൾക്ക് വിദൂരപഠന സംവിധാനം ആവശ്യമാണോയെന്നതും പ്രാദേശിക വകുപ്പുകളാണ് നിശ്ചയിക്കുക.