യുഎഇയിൽ കനത്ത ചൂട് ; പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി 'അൽ ഫരീജ് ഫ്രിഡ്ജ്'
കനത്ത ചൂടിൽ പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ജ്യൂസ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങളും ഐസ്ക്രീമും തണുത്ത വെള്ളവും വിതരണം ചെയ്ത് അധികൃതർ. പുറം തൊഴിലാളികൾക്ക് പിന്തുണയേകാൻ ആസൂത്രണം ചെയ്ത ‘അൽ ഫരീജ് ഫ്രിഡ്ജ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം.
ആഗസ്റ്റ് 23വരെ നീളുന്ന ക്യാമ്പയിൻ പുറം ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, കർഷകർ തുടങ്ങി 10 ലക്ഷത്തോളം പേർക്ക് ആശ്വാസമേകും. യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെയും യു.എ.ഇ ഫുഡ് ബാങ്കിന്റെയും സഹകരണത്തോടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫൗണ്ടേഷന്റെയും ഫുർജാൻ ദുബൈയുടെയും പിന്തുണയോടെയാണ് ‘അൽ ഫരീജ് ഫ്രിഡ്ജ്’ ക്യാമ്പയിൻ ആരംഭിച്ചത്. വിവിധ തൊഴിലിടങ്ങളിൽ സഞ്ചരിച്ച് തണുത്ത പാനീയങ്ങളും ഐസ്ക്രീമും വിതരണം ചെയ്യുന്നതിനായി ഫുർജാൻ ദുബൈ റഫ്രിജറേറ്റർ ഘടിപ്പിച്ച വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇമാറാത്തികളിൽ നിന്നുള്ള വാളന്റിയർമാരുടെ സഹകരണവും ഇതിനായി അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്.
സ്വദേശികളുടെ പിന്തുണ വർധിപ്പിച്ച് തൊഴിലാളികൾക്ക് കടുത്ത ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപരമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും പരസ്പര സ്നേഹത്തിന്റെ സന്ദേശം പകരുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതുവഴി തൊഴിലാളികളിൽ സന്തോഷവും ആശ്വാസവും കൊണ്ടുവരാനാകുമെന്നാണ് വിലയിരുത്തൽ.
ദുബൈ നിവാസികളിലുള്ള അനുകമ്പയാണ് ക്യാമ്പയിനിലൂടെ പ്രതിഫലിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. അബ്ദുൽ കരിം സുൽത്താൻ അൽ ഉലമ പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ പരസ്പര സ്നേഹവും ഐക്യവും സാമൂഹിക മൂല്യങ്ങളും വർധിപ്പിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.