രണ്ടാം വാർഷിക ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് അബൂദബിയിലെ അഡ്നെകിൽ തുടക്കമായി. അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയായ മസ്ദറാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോക ഭാവി ഊർജ ഉച്ചകോടിയുടെ ഭാഗമായാണ് സമ്മിറ്റ് ഒരുക്കുന്നത്. ആഗോള ഗ്രീൻ ഹൈഡ്രജൻ സമ്പദ്വ്യവസ്ഥയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ഊർജ മേഖലയുടെ പരിവർത്തനത്തെ സഹായിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. നയങ്ങൾ രൂപീകരിക്കുന്നവർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ ഹൈഡ്രജൻ കമ്പനികൾക്ക്, കുറഞ്ഞ കാർബൺ ഹൈഡ്രജൻ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും നെറ്റ് സീറോയിലേക്ക് മുന്നേറുന്നതിനുള്ള ആഗോള ശ്രമങ്ങളുമായി ഭാഗമാകുന്നതിനും ഉച്ചകോടി വേദി നൽകും. ഉച്ചകോടിയിൽ ഏറ്റവും പുതിയ വ്യവസായ പ്രവണതകളും വളർച്ചയും ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം, പരിവർത്തനം, ഗതാഗതം, സംഭരണം, ഉപയോഗം എന്നിവയിയെ സംബന്ധിച്ചും ചർച്ചകൾ നടക്കും.