ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്; മിഡിലീസ്റ്റിൽ ദുബൈ ഒന്നാം സ്ഥാനത്ത്

Update: 2023-11-28 06:38 GMT

ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബൈ നഗരം. ആഗോളതലത്തിൽ ദുബൈ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബൈയാണ്. ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ ആഗോളതലത്തിൽ തയാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.

കഴിഞ്ഞവർഷത്തേക്കാൾ മൂന്ന് സ്ഥാനം മുന്നേറിയാണ് ദുബൈ ഇത്തവണ ആഗോളതലത്തിൽ എട്ടാമതെത്തിയത്. സൂചികയുടെ ആദ്യപത്തിൽ ഇടം ലഭിച്ച ഏക മിഡിലീസ്റ്റ് നഗരം ദുബൈയാണ്. 48 രാജ്യങ്ങളുടെ പട്ടികയിൽ മിഡിലീസ്റ്റിൽ നിന്ന് കെയ്‌റോ, തെൽഅവീവും ഇടം നേടിയപ്പോൾ, ഇന്ത്യയിൽ നിന്ന് മുംബൈ നഗരം പട്ടികയിൽ നാൽപത്തിയെട്ടാമതായി ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ ഉപവിഭാഗങ്ങളായ കോർപറേറ്റ് ടാക്‌സ്, തൊഴിൽമാറ്റ സാധ്യത, കുറഞ്ഞ തൊഴിലില്ലായ്മ, നഗരത്തിന്റെ വൃത്തി എന്നിവയിൽ ദുബൈ ഒന്നാം സ്ഥാനത്തുണ്ട്. ആഢംബര ഹോട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും, അന്താരാഷ്ട്ര ചരക്കുഗതാഗതത്തിൽ നാലാം സ്ഥാനവും ദുബൈ സ്വന്തമാക്കി.

നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസ്, സംസ്‌കാരിക പരിപാടികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയുടെ കാര്യത്തിൽ ദുബൈ അഞ്ചാം സ്ഥാനത്തുണ്ട്. പട്ടികയിലെ ദുബൈയുടെ നേട്ടങ്ങളെ കിരീടവകാശി ശൈഖ് ഹംദാൻ അഭിനന്ദിച്ചു. ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകളാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News