പതാക ദിനം മുതൽ ദേശീയ ദിനം വരെ; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

Update: 2024-10-25 07:05 GMT

പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ നവംബർ മൂന്നു മുതൽ ഡിസംബർ മൂന്നു വരെയാണ് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53ാമത് ദേശീയ ദിനം. 16 സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ആഘോഷ പരിപാടികളുടെ ഭാഗമാകും. യു.എ.ഇയുടെ രാഷ്ട്രശിൽപികളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരെ ആദരിക്കുന്നതിൻറെ ഭാഗമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ (ഡി.എം.സി) ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ജെ.ബി.ആർ ബീച്ച്, അൽ സഈഫ്, ഹത്ത, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദുബൈ ഫ്രെയിം, ദുബൈ സഫാരി പാർക്ക്, ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് എന്നിവിടങ്ങളിൽ ദേശീയ ദിനത്തിൻറെ ഭാഗമായി വെടിക്കെട്ട് നടത്തും. ഹത്തയിൽ നടക്കുന്ന വെടിക്കെട്ടുകളും പരമ്പരാഗത നാടോടി നൃത്തങ്ങളും സംഗീത പരിപാടികളും താമസക്കാർക്കും ആസ്വദിക്കാം. ദുബൈ ഗ്ലോബൽ വില്ലേജിൽ എല്ലാ ദിവസവും വെടിക്കെട്ടുണ്ടാകും. കൂടാതെ, ബീച്ച് കാൻറീൻ, റൈപ് മാർക്കറ്റ്, വിൻറർ വണ്ടർലാൻഡ് തുടങ്ങിയ നിരവധി സീസണൽ മാർക്കറ്റുകളും ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കും. പ്രാദേശിക രുചികൾക്കൊപ്പം ഇമാറാത്തി ആഘോഷങ്ങളും ഇവിടങ്ങളിൽ നിന്ന് അനുഭവിച്ചറിയാം.

വത്തനി അൽ ഇമാറാത്തുമായി സഹകരിച്ച് ഡിസംബർ രണ്ടിന് സിറ്റി വാൾക്കിൽ ദേശീയ ദിന പരേഡ് സംഘടിപ്പിക്കും. ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബൈ കൾച്ചർ) ഹത്ത ഹെറിറ്റേജ് വില്ലേജിൽ പ്രത്യേക ആഘോഷ പരിപാടികളും ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. ഷിന്ദഗ മ്യൂസിയത്തിലും ഇത്തിഹാദ് മ്യൂസിയത്തിലും ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും ദേശീയ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം. അതോടൊപ്പം എക്‌സ്‌പോ സിറ്റി ദുബൈയിൽ 'യൂനിയൻ സിംഫണി' എന്ന പേരിൽ സംഗീത നിഷയും അരങ്ങേറും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരമ്പരാഗത സംഗീതത്തിൻറെ അകമ്പടിയോടെയാണ് സ്വീകരിക്കുക.

Tags:    

Similar News