റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി

Update: 2024-03-13 05:25 GMT

ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും രാത്രി 9:00 മുതൽ 11:00 വരെയും മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. വെള്ളിയാഴ്ച മ്യൂസിയം പ്രവർത്തിക്കുന്നതല്ല. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ, എല്ലാ മ്യൂസിയങ്ങളുടെയും പ്രവർത്തന സമയം രാവിലെ മാത്രമായി ചുരുങ്ങുമെന്നും, റമദാൻ 29, 30 തീയതികളിൽ മ്യൂസിയങ്ങൾക്ക് അവധിയായിരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പരമ്പരാഗത അറബ്-ഇസ്ലാമിക് ഡിസൈനുകൾ പ്രതിധ്വനിക്കുന്ന ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ അതിന്റെ വാസ്തുവിദ്യാ മഹത്വത്താൽ വേറിട്ടുനിൽക്കുന്നു. ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലെത്തുന്ന സന്ദർശകർക്ക് ഇസ്ലാമിക നാഗരികതകളെക്കുറിച്ചും, വിവിധ മേഖലകളിൽ അവ നൽകിയ സംഭവനകളെക്കുറിച്ചും, ഇസ്ലാമിക ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, സാംസ്‌കാരിക തനിമ, ശാസ്ത്രീയ നേട്ടങ്ങൾ എന്നിവയെക്കുറിച്ചും അടുത്തറിയുന്നതിന് അവസരം ലഭിക്കുന്നതാണ്. 1987-ൽ ഒരു വിപണനകേന്ദ്രമായി ആരംഭിച്ച ഇതിന്റെ നിർമ്മാണം 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Tags:    

Similar News