സ്വദേശിവത്കരണത്തിന്റെ പേരില്‍ തട്ടിപ്പ്; യുഎഇയില്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Update: 2024-07-29 07:58 GMT

യുഎഇയിൽ സ്വദേശിവത്കരണത്തിന്റെ പേരിൽ നിയമ ലംഘനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണത്തിൽ സർക്കാർ നിയമനിർമ്മാണങ്ങളും ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ നീക്കങ്ങൾക്ക് വെല്ലുവിളിയാകുന്ന ശ്രമങ്ങൾ കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞ സ്ഥാപനങ്ങൾ പൗരൻമാരോട് നാഫീസ് പദ്ധതിക്ക് കീഴിലും തൊഴിൽ കരാറിലുമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. സ്വദേശിവത്കരണം നടത്താതെ അവകാശവാദം ഉന്നയിക്കുക, നാഫീസ് പദ്ധതിക്ക് കീഴിലുള്ള പ്രത്യേക അവകാശങ്ങൾ നേടാൻ തെറ്റായ വിവരങ്ങൾ നൽകുക, നാഫീസിന് കീഴിലുള്ള കമ്പനി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നേടിയതിനുശേഷം സ്വദേശിവത്കരണം നടത്താതിരിക്കൽ, സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി ലഭിച്ചയാൾ അതവസാനിപ്പിക്കുകയും ഇക്കാര്യം നാഫീസിൽ അറിയിക്കാതിരിക്കുകയും ചെയ്യുക എന്നിവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയിൽപ്പെടും.

സഹപ്രവർത്തകരേക്കാൾ കുറഞ്ഞ വേതനം പൗരന് നൽകുക, അല്ലെങ്കിൽ നാഫീസിൽനിന്ന് പ്രയോജനം നേടുന്നതിന്റെ പേരിൽ പൗരന്റെ വേതനം കുറയ്ക്കുക തുടങ്ങി വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് കമ്പനികൾ നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Similar News