നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കാനും ഒരു ഇന്റർസിറ്റി റൂട്ട് ഉൾപ്പെടെ മറ്റു നിരവധി റൂട്ടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ച് എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആഗസ്റ്റ് 30 മുതലാണ് പുതിയ റൂട്ടുകളിൽ ബസ് സർവിസ് ആരംഭിക്കുക. റൂട്ട് 31ന് പകരം രണ്ട് പുതിയ റൂട്ടുകളായ എഫ് 39, എഫ് 40 എന്നിവ രൂപപ്പെടുത്തി. ഇവ കൂടാതെ രൂപപ്പെടുത്തിയ പുതിയ റൂട്ടായ എഫ് 39, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ് 1 വരെയും തിരിച്ചും 30 മിനിറ്റ് ഇടവേളകളിൽ ഓടും. മറ്റൊരു പുതിയ റൂട്ടായ എഫ് 40, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് മിർദിഫ്, സ്ട്രീറ്റ് 78 എന്നിവിടങ്ങളിലേക്കും തിരിച്ചും 30 മിനിറ്റ് ഇടവേളകളിൽ സർവിസ് നടത്തും.
റൂട്ട് എഫ് 56നുപകരം എഫ് 58, എഫ് 59 എന്നീ റൂട്ടുകളാണുണ്ടാവുക. റൂട്ട് എഫ് 58 അൽഖൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ദുബൈ ഇന്റർനെറ്റ് സിറ്റിയിലേക്കും തിരിച്ചും 30 മിനിറ്റ് ഫ്രീക്വൻസിയിൽ ഓടും. റൂട്ട് എഫ് 59 ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ നോളജ് വില്ലേജിലേക്കും തിരിച്ചും 30 മിനിറ്റ് ഇടവേളകളിൽ പ്രവർത്തിക്കും. കൂടാതെ, റൂട്ട് 21ന്റെ പേരുമാറ്റി 21എ, 21ബി എന്നിങ്ങനെ രണ്ട് റൂട്ടുകളായി വിഭജിക്കുകയും ചെയ്യും. റൂട്ട് 21എ അൽഖൂസ് ക്ലിനിക്കൽ പത്തോളജി സർവിസസ് ബസ് സ്റ്റോപ് 1ൽ നിന്ന് അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്ക് സർവിസ് നടത്തും. റൂട്ട് 21ബി അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് അൽ ഖൂസ് ക്ലിനിക്കൽ പത്തോളജി സർവിസസ് ബസ് സ്റ്റോപ് 1ലേക്ക് എതിർദിശയിലും ഓടും.
റൂട്ട് 61ഡി, റൂട്ട് 66ൽ ലയിപ്പിക്കുകയും ചെയ്യും. അതുപോലെ, റൂട്ട് 95നെ റൂട്ട് 95എ യുമായി ലയിപ്പിക്കും. അതിലൂടെ റൂട്ട് 95 ഉപയോക്താക്കൾക്ക് റൂട്ട് എക്സ് 92ലേക്ക് കണക്ടുചെയ്യാൻ കഴിയും. കൂടാതെ, റൂട്ട് 95എ യുടെ പാത വെനെറ്റോ, ജബൽ അലി വാട്ടർഫ്രണ്ട്, പാർകോ ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയെ ഉൾക്കൊള്ളുന്ന നിലയിൽ ക്രമീകരിക്കും. അൽ ഗുബൈബ സ്റ്റേഷൻ മുതൽ ഊദ് മേത്ത വരെയുള്ള സെക്ടർ റദ്ദാക്കിയതിനാൽ ഊദ് മേത്ത മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റോപ്പിൽനിന്ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലേക്കുള്ള റൂട്ട് 6ന്റെ ദൈർഘ്യം കുറയും. കൂടാതെ, യൂനിയൻ ബസ് സ്റ്റേഷനു പകരം ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന രീതിയിൽ ഫുജൈറയിലേക്കുള്ള ഇന്റർസിറ്റി റൂട്ട് എ 700 ക്രമീകരിക്കും.