യുഎഇയിൽ മൂടൽമഞ്ഞ് ; റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം

Update: 2024-03-21 08:38 GMT

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. അബുദാബിയിലെ അജ്ബാന്‍, അല്‍ ഫാഖ എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ദൂരക്കാഴ്ച കുറയുമെന്നും അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. അബുദാബിയിലെ അല്‍ താഫ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ് അനുസരിച്ച് ഇന്ന് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. താപനിലയില്‍ നേരിയ കുറവുണ്ടാകും. 10-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 30 കിലോമീറ്റര്‍ വരെയാകാം. കാറ്റില്‍ പൊടിപടലങ്ങളും ഉയരും അതുകൊണ്ട് പൊടി അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പുണ്ട്. 30-35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഇന്നത്തെ പരമാവധി താപനില. കുറ‌ഞ്ഞ താപനില 16-21 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

അതേസമയം യുഎഇയില്‍ മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 26 ചൊവ്വാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം യുഎഇയില്‍ ശൈത്യകാലം അവസാനിക്കുകയും വസന്ത കാലം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റും പ്രതീക്ഷിക്കാം. കാറ്റ് വീശുന്നതോടെ പൊടി ഉയരുകയും ചെയ്യും. അസ്ഥിരമായ കാലാവസ്ഥ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. മാര്‍ച്ച് 22, 23 തീയതികളില്‍ നേരിയ തോതില്‍ മുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 26 ചൊവ്വാഴ്ച വരെയാണ് മഴമേഘങ്ങള്‍ കൂടുകയും ചിലപ്പോള്‍ കനത്ത മഴ ലഭിക്കുകയും ചെയ്യുക. കനത്ത മഴയ്ക്കൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലും ഉണ്ടാകും. താപനില കുറയും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശമിക്കും.  

Tags:    

Similar News