പിഴ ഗഡുക്കളാക്കി അടയ്ക്കാം; സ്മാർട്ട് സേവനം അവതരിപ്പിച്ച് അബുദാബി പൊലീസ്

Update: 2023-07-11 08:08 GMT

ഗതാഗത നിയമ ലംഘനം നടത്തിയവർക്ക് ആശ്വാസം നൽകുന്നതാണ് അബുദാബി പൊലീസ് അവതരിപ്പിച്ച പുതിയ സ്മാർട്ട് സേവനം. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇനി മുതൽ പലിശ ഇല്ലാതെ ഗഡുക്കളാക്കി അടയ്ക്കാൻ സാധിക്കും. അഞ്ച് ബാങ്കുകളിൽ ഈ സേവനം ലഭ്യമാകും. 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസ് സ്മാർട്ട് സേവനങ്ങൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നടപടി.

മഷ്‌രിഖ് അൽ ഇസ്‌ലാമി, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, എ.ബി.സി.ബി, എ.ഡി.ഐ.ബി, എഫ്.എ.ബി, എന്നീ ബാങ്കുകളിലാണ് സേവനം ലഭ്യമാകുക. ഈ സ്മാർട്ട് സേവനം ലഭ്യമാകാൻ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം. കൂടാതെ അബുദാബി പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, താം ആപ്ലിക്കേഷൻ, താം വെബ്സൈറ്റ് , ഡിജിറ്റൽ കിയോസ്ക്, കസ്റ്റമർ സർവീസ് സെനറർ തുടങ്ങിയവ വഴിയും പിഴ അടയ്ക്കാൻ സാധിക്കും. വാഹന ഉടമയയോ ഉടമയുടെ പ്രതിനിധിയോ നേരിട്ട് ഹാജരാകണം, എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡ് തുടങ്ങിയവയും ഹാജരാക്കണം. എന്നാൽ ഇതിനായി പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനും നേരത്തെ പിഴ അടച്ച് മറ്റ് ഫൈനുകൾ ഒഴിവാക്കാനും ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുക എന്നതാണ് അബുദാബി പൊലീസ് പുതിയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് റെഡ് സിഗ്നൽ മറികടക്കുന്നതിന് അബുദാബി പൊലീസിൽ നിന്ന് ലഭിക്കുന്ന ശിക്ഷ കടുത്തതാണ്. കഴിഞ്ഞ വർഷം മാത്രം റെഡ് സിഗ്നൽ മറികടന്ന് വാഹനം എടുത്തതിന് 2850 ഡ്രൈവർമാരാണ് ശിക്ഷിക്കപ്പെട്ടത്.

Tags:    

Similar News