എണ്ണ, എണ്ണയിതര രംഗത്ത് യുഎഇക്ക് മികവ്; ആഭ്യന്തര ഉൽപാദന വളർച്ച ശക്തം

Update: 2023-09-13 07:14 GMT

എണ്ണ, എണ്ണയിതര മേഖലയിൽ വൻകുതിപ്പുമായി യുഎഇ. പ്രതികൂല സാഹചര്യങ്ങളിലും മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ മികവ്​ പുലർത്താനും യുഎഇക്കായി. വിവിധ സാമ്പത്തിക ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടുകളിലാണ്​​ ഇക്കാര്യം വിശദീകരിക്കുന്നത്.​ എണ്ണ, എണ്ണയിതര രംഗങ്ങളിൽ ഒരുപോലെ കുതിക്കാൻ യുഎഇക്ക്​ സാധിക്കുന്നതാണ്​ വളർച്ചയ്ക്ക്​ വേഗത നൽകുന്ന പ്രധാന ഘടകം. ​ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകളും ഇതിന്​ അടിവരയിടുന്നു. ആഗോളതലത്തിലെ പണപ്പെരുപ്പം, എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി എന്നിവയൊന്നും യുഎഇ സമ്പദ്​ ഘടനയ്ക്ക്​​ തിരിച്ചടിയായില്ല.

നടപ്പുവർഷം എണ്ണയിതര മേഖലയിൽ ആറു ശതമാനം വളർച്ച കൈവരിക്കാൻ യുഎഇക്ക്​ സാധിക്കുമെന്ന്​ ആഗോള റേറ്റിങ്​ ഏജൻസിയായ എസ്​ ആന്റ്​ പിയുടെ റിപ്പോർട്ട്​ പറയുന്നു. യുഎഇ ബാങ്കുകളുടെ ആസ്​തികളിലും വർധന തുടരുകയാണ്​. യുഎഇ ഉൾപ്പെടെ പ്രധാന ജിസിസി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന്​ യുബിഎസ്​ ഗ്ലോബൽ വെൽത്ത്​ ​മാനേജ്​മെന്റ്​ റിപ്പോർട്ടും ചൂണ്ടിക്കാട്ടി. നടപ്പു വർഷം മുതൽ അടുത്ത അഞ്ചു വർഷത്തിനകം ഗൾഫ്​​ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ റിക്കാർഡ്​ വർധനയാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം ഉയർന്ന പലിശനിരക്ക്​ ഗൾഫ്​ ബാങ്കുകൾക്ക്​ വെല്ലുവിളിയാണെന്നും വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്​ ഓർമിപ്പിക്കുന്നു.

Tags:    

Similar News