ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കടൽ പാലം സജ്ജമായി

Update: 2023-01-10 05:49 GMT

ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യകടൽപാലം പ്രവർത്തന സജ്ജമായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്. തുറമുഖത്തെത്തുന്ന ചരക്കുകൾ അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഈ പാത സഹായിക്കും.

റോഡിലൂടെ കടന്നുപോകുന്ന 300 ലോറികൾക്ക് തുല്യമായ അളവിൽ ചരക്കുകളുമായി ഇത്തിഹാദ് ട്രെയിനിന്പാതയിലൂടെ കടന്നുപോകാനാകും. ഇതോടെ ചരക്കുനീക്കം വേഗത്തിലാകും. ഒപ്പം റോഡുകളിലെ തിരക്കും നിയന്ത്രിക്കാനാവും. എന്നാൽ ചരക്കുനീക്കം ആരംഭിക്കുന്ന തിയ്യതി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

4,000 ടണ്ണിലധികം സ്റ്റീൽ, ഏകദേശം 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചത്. കടലിന്റെ സവിശേഷതകളും ഭാവിയിലെ പ്രയാസങ്ങളുമെല്ലാം വിലയിരുത്തിയാണ് നിർമാണത്തിന് വേണ്ട സംവിധാനങ്ങൾ രൂപപ്പെടുത്തിയത്. കർശനമായ സുരക്ഷാ മുൻകരുതൽ നിർമാണത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര നിലവാരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നതെന്നും 120 വർഷത്തെ ആയുസ് ഇതിനുണ്ടെന്നും ഇത്തിഹാദ് റെയിൽ എഞ്ചിനീയറിങ് ഡയറക്ടർ അറിയിച്ചു. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്.

Tags:    

Similar News