ദുബായിൽ മെയ് 15 മുതൽ എമിറേറ്റ്‌സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

Update: 2023-05-13 07:45 GMT

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. 2023 മെയ് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പേപ്പർ ബോർഡിങ്ങ് പാസുകൾ നിർത്തലാക്കാനും, മേയ് 15 മുതൽ പകരമായി മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്താനുമാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. യാത്രികർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.


ഈ അറിയിപ്പ് പ്രകാരം 2023 മെയ് 15 മുതൽ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ചെക്ക്-ഇൻ ചെയ്യുന്ന യാത്രികർക്ക് ഇമെയിൽ അല്ലെങ്കിൽ എസ് എം എസിലൂടെ ഡിജിറ്റൽ ബോർഡിങ്ങ് പാസ് ലഭ്യമാക്കുന്നതാണ്. ഓൺലൈനിൽ ചെക്ക്-ഇൻ ചെയ്യുന്ന യാത്രികർക്ക് അവരുടെ ഡിജിറ്റൽ ബോർഡിങ്ങ് പാസ് ആപ്പിൾ വാലറ്റ്, ഗൂഗിൾ വാലറ്റ് എന്നിവയിലേക്കോ, എമിറേറ്റ്‌സ് ആപ്പിലേക്കോ പകർത്താവുന്നതാണ്. ചെക്കഡ്-ഇൻ ബാഗേജുകളുമായി ബന്ധപ്പെട്ട റെസീറ്റുകൾ യാത്രികർക്ക് ഇമെയിലിലൂടെ നേരിട്ട് ലഭ്യമാക്കുന്നതാണ്. എമിറേറ്റ്‌സ് ആപ്പിലും ഇത് ലഭ്യമാകുന്നതാണ്.

കടലാസിന്റെ ഉപയോഗം കുറയ്ക്കുന്നതിനും, ചെക്ക്-ഇൻ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ബോർഡിങ്ങ് പാസുകൾ കൈമോശം വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. ദുബായ് ഡ്യൂട്ടി ഫ്രീ, സെക്യൂരിറ്റി ചെക്ക്, ബോർഡിങ്ങ് തുടങ്ങി യാത്രയുടെ വിവിധ ഘട്ടങ്ങളിലിൽ ഈ മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രികർക്ക് തങ്ങളുടെ ഫോണിൽ ഈ മൊബൈൽ ബോർഡിങ്ങ് പാസ് കാണിക്കാവുന്നതും, എമിറേറ്റ്‌സ് ഉദ്യോഗസ്ഥർ, വിമാനത്താവള അധികൃതർ എന്നിവർ സ്‌കാനിങ്ങ് ഉപകരണങ്ങളിലൂടെ ഈ ബോർഡിങ്ങ് പാസിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുന്നതുമാണ്.

കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, മുതിർന്ന സഹയാത്രികരില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ, പ്രത്യേക പരിചരണം ആവശ്യമാകുന്ന യാത്രികർ, ദുബായിൽ നിന്ന് യാത്ര തിരിച്ച ശേഷം മറ്റു എയർലൈനുകളുടെ കണക്ഷൻ ഫ്ളൈറ്റുകളിൽ യാത്രചെയ്യേണ്ടവർ എന്നീ വിഭാഗങ്ങൾക്കും, യു എസിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും നിലവിലെ രീതിയിലുള്ള പേപ്പർ ബോർഡിങ്ങ് പാസുകളുടെ ഉപയോഗം തുടരുന്നതാണ്. മൊബൈൽ ഫോൺ ഇല്ലാത്തവർക്കും, മറ്റു സാങ്കേതിക പ്രശ്‌നങ്ങൾ മൂലം (ഫോണിലെ ബാറ്ററി തീരുക, ബോർഡിങ്ങ് പാസുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ, എസ് എം എസ് ലഭിക്കാതിരിക്കൽ) മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കാൻ സാധ്യമല്ലാത്തവർക്കും എമിറേറ്റ്‌സ് ചെക്ക്-ഇൻ കൗണ്ടറുകളിൽ ഏജന്റുമാരുടെ സഹായത്തോടെ പ്രിന്റ് ചെയ്ത രൂപത്തിലുള്ള ബോർഡിങ്ങ് പാസ് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

Tags:    

Similar News