എമിറേറ്റ്‌സ് സർവിസുകൾ 2034ഓടെ ആൽ മക്തൂമിലേക്ക് മാറും

Update: 2024-05-09 06:59 GMT

എമിറേറ്റ്‌സ് എയർലൈനിൻറെ മുഴുവൻ സർവിസുകളും 2034ഓടെ പുതുതായി നിർമിക്കുന്ന ആൽ മക്തൂം വിമാനത്താവള ടെർമിനലിലേക്ക് മാറ്റുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സാഇദ് ആൽ മക്തൂം പറഞ്ഞു. ദുബൈയുടെ ഡി33 പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് സർവിസുകൾ ആൽ മക്തൂമിലേക്ക് ഒറ്റയടിക്ക് മാറും. സർവിസുകൾ രണ്ട് വിമാനത്താവളങ്ങളിലായി വിഭജിക്കില്ല. മാറ്റത്തിൻറെ ഘട്ടത്തിലും ഒരു വിമാനത്താവളത്തിൽ നിന്നാണ് സർവിസ് നടക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമയാന മേഖലയുടെയും വിമാനക്കമ്പനികളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിമാനത്താവളത്തിൻറെ വിജയകാര്യത്തിൽ മുമ്പത്തേക്കാൾ എനിക്ക് ആത്മവിശ്വാസമുണ്ട്. ദുബൈ എല്ലാ കാലത്തും പ്രതീക്ഷക്കപ്പുറം എത്തിയിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷങ്ങളിൽ തന്നെ ജബൽ അലി ആൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഓപറേഷൻ ആരംഭിക്കുമെന്ന് ദുബൈ ആസ്ഥാനമായ ഫ്‌ലൈദുബൈ വിമാനക്കമ്പനിയുടെ സി.ഇ.ഒ ഗൈഥ് അൽ ഗൈഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എമിറേറ്റ്‌സ് എയർലൈനിൽ നിന്നും വ്യത്യസ്തമായി ഘട്ടംഘട്ടമായാണ് ഫ്‌ലൈദുബൈ മാറ്റം ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആൽ മക്തൂമിൽ നിന്നും ഓപറേഷനുകളുണ്ടാകുമെന്നും പിന്നീട് പൂർണമായും ആൽ മക്തൂമിലേക്ക് സർവിസുകൾ മാറുമെന്നും സി.ഇ.ഒ വ്യക്തമാക്കിയിരുന്നു.

ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കുന്ന രൂപരേഖക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയിരുന്നു. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. 128 ശതകോടി ദിർഹം ചിലവഴിച്ചാണ് ആൽ മക്തൂമിൽ വൻ പാസഞ്ചർ ടെർമിനൽ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും കൂടുതൽ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന വിമാനത്താവള ടെർമിനലായി ഇത് മാറും. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്‌ക്വയർ കി.ലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. വ്യോമയാന മേഖലയിൽ മുമ്പൊന്നും ഉപയോഗിച്ചിട്ടില്ലാത്ത നൂതനമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News