അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതിനൂതന ചെക്കിങ് സംവിധാനത്തെ പുകഴ്ത്തി ടെസ്ല ചീഫ് എക്സിക്യൂട്ടിവ് ഇലോൺ മസ്ക്. ഫേഷ്യൽ റെകഗ്നിഷൻ സംവിധാനം വഴി അതിവേഗം ചെക്കിങ് പൂർത്തിയാക്കുന്ന ഒരാളുടെ വിഡിയോക്ക് കമന്റായാണ് ഇലോൺ മസ്ക് ഇക്കാര്യം കുറിച്ചത്. അമേരിക്ക ഈ സംവിധാനം കൊണ്ടുവരേണ്ടതുണ്ട് എന്നായിരുന്നു കമന്റ്. നിരവധിപേർ ഈ വിഡിയോയും കമന്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ തുറന്ന അബൂദബി വിമാനത്താവളത്തിലെ ടെർമിനൽ എയിൽ ഏറ്റവും നൂതനമായ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് ടെർമിനലിലെ സെൽഫ് സെർവ് ഡെസ്കിലെ മുഖം തിരിച്ചറിയൽ സംവിധാനം വഴി എളുപ്പത്തിൽ കടന്നുപോകാനാകും. വിസയും ഡേറ്റ വെരിഫിക്കേഷനും അടക്കമുള്ള എല്ലാ പരിശോധനകളും സിസ്റ്റം ചെയ്യും. ഇതുപയോഗിക്കുന്ന യാത്രക്കാർക്ക് ടെർമിനലിന് പുറത്തുനിന്ന് 12 മിനിറ്റിനുള്ളിൽ ഗേറ്റിലെത്താൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.