10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എഞ്ചിനിയറിങ് പരിശീലനം നൽകാൻ ദുബൈ

Update: 2024-05-25 10:54 GMT

10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന പദ്ധതിക്ക് വൻ സ്വീകാര്യത. ലോകത്തിലെ ഏറ്റവും വലിയ പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ദുബൈയുടെ തീരുമാനം. നിർമിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ദുബൈ രൂപപ്പെടുത്തിയ 'ദുബൈ യൂനിവേഴ്‌സൽ ബ്ലൂപ്രിൻറ് ഓഫ് എ.ഐ' എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന സംരംഭം പ്രഖ്യാപിച്ചത്.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പശ്ചിമേഷ്യയുടെ ഭാവിമുന്നേറ്റത്തിൽ പദ്ധതി വലിയ ഘടകമായി മാറും എന്നാണ് വിലയിരുത്തൽ.

സാങ്കേതിക പുരോഗതിയിൽ രൂപപ്പെട്ട വലിയ മുന്നേറ്റത്തെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കാനുള്ള നീക്കമാണ് പദ്ധതിയുടെ പ്രത്യേകത. പ്രോംപ്റ്റ് എൻജിനീയറിങ് ഏറ്റവും പ്രധാന കഴിവുകളിലൊന്നായാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ ഗ്ലോബൽ പ്രോംറ്റ് എൻജിനിയറിങ് ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ശൈഖ് ഹംദാൻ ആദരിച്ചു. ദുബൈ ഫ്യൂചർ ഫൗണ്ടേഷനും ദുബൈ സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Tags:    

Similar News