ദുബൈ ടാക്‌സി ഓഹരികൾ സ്വന്തമാക്കാൻ അവസരം; ഓഹരിയുടെ മുഖവില 1.85 ദിർഹം വരെ

Update: 2023-11-22 11:44 GMT

ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരികൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാം. ഒരു ദിർഹം 85 ഫിൽസ് വരെയാണ് ഒരു ഷെയറിന് വില കണക്കാക്കുന്നത്. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിലേക്ക് എത്തുന്നത്.

ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഈമാസം 28 വരെ ഷെയർ സബ്‌സ്‌ക്രിപ്ഷന് അപേക്ഷ നൽകാം. ഒരു ഷെയറിന് ഒരു ദിർഹം 80 ഫിൽസ് മുതൽ ഒരു ദിർഹം 85 ഫിൽസ് വരെയാണ് വില കണക്കാക്കുന്നത്. ഇത്തരത്തിൽ 62,47,50,000 ഷെയറുകളാണ് വിപണിയിലെത്തുക. 4.6 ശതകോടി ദിർഹം മൂല്യമുള്ള ഓഹരി മൂലധനം ഇതിലൂടെ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞത് 5000 ദിർഹം മുടക്കി ദുബൈ ടാക്‌സിയുടെ ഷെയർ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് കഴിയും.

നവംബർ 29 യോഗ്യരായ നിക്ഷേപകർക്ക് ഓഹരിയിൽ നിക്ഷേപിക്കാൻ അവസരം നൽകും. നടപടികൾ പൂർത്തിയാക്കി ഡിസംബർ ഏഴിന് ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ വിവിധ ബാങ്കുകൾ വഴി പൊതുജനങ്ങൾക്ക് നവംബർ 28 വരെ ഓഹരികൾക്ക് അപേക്ഷ നൽകാനാകും.

Tags:    

Similar News