ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് ദുബൈയിൽനിന്ന് ഇന്ത്യയിലേക്കുള്ള ചില സർവിസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി. പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് വിശദീകരിക്കുന്നത്.
എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് സർവിസുകൾ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന. ദുബൈയിൽനിന്ന് മുംബൈ ഉൾപ്പെടെയുള്ള നഗരത്തിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. പല യാത്രക്കാർക്കും അവസാന നിമിഷമാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. സർവിസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റു സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലും യാത്ര ചെയ്യാൻ അനുവദിക്കുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വിശദീകരിച്ചു.
നേരത്തേയും ചില സർവിസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ ശമ്പള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.