ദുബൈ എമിറേറ്ററിലെ നടപ്പാതകളുടെയും റോഡുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പരിശോധന ശക്തമാക്കി. വികസിച്ചുവരുന്ന പ്രദേശങ്ങളും ഫ്രീ സോണുകളും അടക്കം 698 ഏരിയകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യത്തിൽ ആദ്യത്തിൽ ആരംഭിച്ച പരിശോധന വഴി ദുബൈയുടെ മനോഹാരിതയും സുസ്ഥിരതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. റോഡുകളുടെയും മറ്റു സൗകര്യങ്ങളുടെയും സ്ഥിതിയും വിലയിരുത്തുന്നുണ്ട്.
പൊതുജനങ്ങളുടെ പരാതികളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലും വാർഷിക പദ്ധതികളുടെ ഭാഗമായുമാണ് പരിശോധനകളും കാമ്പയിനുകളും ഒരുക്കുന്നതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ‘റൈറ്റ് ഓഫ് വേ’ ഡയറക്ടർ ബാസിൽ ഇബ്രാഹീം സആദ് പറഞ്ഞു. പരിശോധനകളിൽ കണ്ടെത്തുന്ന വിവരങ്ങൾ വിവിധ മേഖലകളിലെ സംവിധാനങ്ങളെ അറിയിക്കുന്നുണ്ട്. ഇതനുസരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. നിയമം പാലിക്കപ്പെടുന്നില്ലെങ്കിൽ അത്തരം സംവിധാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
നടപ്പാതകളിലും റോഡുകളിലും ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, നിർമാണ മാലിന്യങ്ങൾ, സുരക്ഷാ വേലികളുടെ മാനദണ്ഡം, പാതകളിലെയും ക്രോസിങ്ങുകളിലെയും സൗകര്യങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പരിശോധനകളിൽ ഉൾപ്പെടും. അതോടൊപ്പം നടപ്പാതകളിൽ സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നതും റോഡ് ഉപയോക്താക്കൾക്ക് തടസ്സമാകുന്ന രീതിയിൽ പച്ചപ്പ് നിറയുന്നതും അടക്കമുള്ള കാര്യങ്ങളും പരിശോധനയിൽ ഉൾപ്പെടും.