ദുബൈ എമിറേറ്റിലെ താമസക്കാർക്കായി രക്തദാനത്തിന് അവസരമൊരുക്കി ക്യാമ്പയിനുമായി ദുബൈ പൊലീസ്. കാമ്പയിനിൽ 120ലേറെ വിവിധ രാജ്യക്കാരായ ആളുകൾ രക്തദാനം നടത്തിയതായി അധികൃതർ അറിയിച്ചു. സമൂഹത്തിൽ രക്തദാന സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ ‘ഓരോ തുള്ളിയും വിലപ്പെട്ടത്’ എന്ന തലക്കെട്ടിലാണ് പരിപാടിയൊരുക്കിയത്. പോസിറ്റിവ് സ്പിരിറ്റ്, ദുബൈ പൊലീസ് ഹെൽത്ത് ക്ലബ്, നാവി സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. രക്തദാനം വളരെ സുപ്രധാനമാണെന്നും ഇത്തരം മാനുഷിക പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ഡയറക്ടർ ഫാത്തിമ ബുഹാജർ പറഞ്ഞു. ഉദ്യോഗസ്ഥർ, കമീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥർ, സാധാരണക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവർ കാമ്പയിനിന്റെ ഭാഗമായി. ഒരേസമയം രക്തദാതാവിനും സ്വീകരിക്കുന്നവർക്കും ഗുണകരമായ സംരംഭം സാമൂഹിക ഐക്യത്തിന്റെ സംസ്കാരവും സന്നദ്ധപ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം സാമൂഹിക പങ്കാളിത്തത്തിന്റെ മാനുഷികമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു -അവർ കൂട്ടിച്ചേർത്തു.
പോസിറ്റിവ് സ്പിരിറ്റിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ രക്തദാനത്തിന്റെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ക്യാമ്പയിനിലെത്തിയവർക്ക് വിവരങ്ങൾ നൽകി. രക്തചംക്രമണം സജീവമാക്കൽ, അസ്ഥി മജ്ജ കോശങ്ങളെ അവയുടെ പ്രവർത്തനങ്ങൾ പുതുക്കുന്നതിനും അവയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും സഹായിക്കൽ, രക്തസമ്മർദവും തലവേദനയും കുറക്കുക, മൊത്തത്തിലുള്ള ആവേശവും ക്ഷേമവും വർധിപ്പിക്കൽ എന്നിവ ഗുണഫലങ്ങളിൽ ഉൾപ്പെടുമെന്ന് അധികൃതർ വിശദീകരിച്ചു