കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറു മാസത്തിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 105 പരാതികൾ. ദുബൈ പൊലീസിന്റെ ‘ഡിജിറ്റൽ ഗാർഡിയന്‍സ്’ വിഭാഗമാണ് സൈബർ കേസുകൾ കൈകാര്യംചെയ്തത്. സൈബറിടങ്ങളിലെ ഭീഷണിപ്പെടുത്തൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശംവെക്കൽ, വിതരണംചെയ്യൽ, കുട്ടികളെ പ്രലോഭിപ്പിക്കൽ, ചൂഷണംചെയ്യൽ, ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാനായി ദുബൈ പൊലീസ് സെപ്റ്റംബറിൽ രൂപംനൽകിയതാണ് ‘ഡിജിറ്റൽ ഗാർഡിയൻസ്’.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായ സൈബർ കുറ്റകൃത്യ വിരുദ്ധ ഡിപ്പാർട്മെന്റിന്റെ കീഴിലാണ് ‘ഡിജിറ്റൽ ഗാർഡിയൻസി’ന്റെ പ്രവർത്തനം. ആറു മാസത്തിനിടെ വിങ്ങിന് ലഭിച്ച എല്ലാ പരാതികളിലും മികച്ച രീതിയിൽ പ്രതികരിച്ചതായി സൈബർ കുറ്റകൃത്യവിരുദ്ധ ഡിപ്പാർട്മെന്റ് തലവൻ ക്യാപ്റ്റൻ അഹമ്മദ് അൽ ജദ്ദാഫ് പറഞ്ഞു. സൈബർ പരാതികൾ കൈകാര്യംചെയ്യാനായി വിദഗ്ധർ അടങ്ങിയ പ്രത്യേക ടീമിന് ദുബൈ പൊലീസ് രൂപം നൽകുകയായിരുന്നു. 2016ൽ പാസാക്കിയ ബാലാവകാശ നിയമപ്രകാരമാണ് കേസുകൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.