ഡ്രൈവർമാർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്ത് ദുബൈ പൊലീസ്; ഇതുവരെ വിതരണം ചെയ്തത് 71,850 ഇഫ്താർ കിറ്റുകൾ
റമദാൻ ആദ്യ ആഴ്ചയിൽ 71,850 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ദുബൈ പൊലീസ്. എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കാണ് മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പായി ഇത്രയും കിറ്റുകൾ നൽകിയത്.
ദുബൈ പൊലീസിന്റെ ‘അപകടങ്ങളില്ലാത്ത റമദാൻ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കൂടുതൽ ഗതാഗതക്കുരുക്ക് രൂപപ്പെടാറുള്ള കവലകളും മറ്റുമാണ് ഇഫ്താർ കിറ്റ് വിതരണത്തിന് അധികൃതർ തിരഞ്ഞെടുത്തത്. നോമ്പുതുറക്ക് എത്തിച്ചേരാനുള്ള തിരക്കിൽ അപകടങ്ങൾ കുറക്കുകയാണ് സംരംഭത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
പൊലീസിലെ ട്രാഫിക് വിഭാഗം ഓഫിസർമാരും സന്നദ്ധപ്രവർത്തകരും വിതരണത്തിൽ പങ്കാളികളായി. ഓരോ ദിവസവും പതിനായിരത്തിലേറെ കിറ്റുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ദുബൈ പൊലീസ് ട്രാഫിക് ബോധവത്കരണ വകുപ്പ്, ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഹ്യൂമൻ റൈറ്റ്സ്, അൽ ഖവാനീജ് പൊലീസ് സ്റ്റേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബൈ ചാരിറ്റി അസോസിയേഷൻ, ദുബൈ കസ്റ്റംസ്, ദുബൈ ഡിജിറ്റൽ അതോറിറ്റി, മെഡ്7 ഫാർമസി, ലൈഫ് ഫാർമസി, തലാബാത്ത് എന്നിവയുൾപ്പെടെ വിവിധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.