ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മെഴ്സിഡസ് ബെൻസ് EQS 580 ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി. എമിറേറ്റിൽ പരിസ്ഥിതി സൗഹൃദവും, അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് H.E. മേജർ ജനറൽ ഖലീൽ ഇബ്രാഹം അൽ മൻസൂരി, ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ അൽ ജലാഫ്, ടൂറിസ്റ്റ് പട്രോൾസ് സെക്യൂരിറ്റി വിഭാഗം തലവൻ ലെഫ്റ്റനന്റ് കേണൽ മൂസാ മുബാറക് അബ്ദുല്ല തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
ദുബായ് പോലീസിന്റെ ഔദ്യോഗിക നിറങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് ഈ വാഹനം. 516 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന് 4.3 സെക്കന്റിൽ താഴെ സമയത്തിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്നതാണ്. ഒറ്റതവണത്തെ ചാർജ്ജിൽ പരമാവധി 717 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നതാണ് ഈ വാഹനം. കഴിഞ്ഞ മാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത ചടങ്ങുകളിൽ ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ഒരു ബെന്റ്ലി കോണ്ടിനെന്റൽ GT-V8, ഒരു ജീപ്പ് ഗ്രാൻഡ് വാഗനീർ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
.@DubaiPoliceHQ adds the electric 'Mercedes-Benz EQS 580' vehicle to its fleet of luxurious patrols as part of its ongoing strategy to utilize environmentally friendly vehicles and cutting-edge sustainable transportation technologies. #Dubai pic.twitter.com/kQDoeJuLfv
— Dubai Media Office (@DXBMediaOffice) August 6, 2023