പുനരുപയോഗ ഊർജ പ്ലാന്റ് തുറന്ന് ദുബൈ; പ്രതിവർഷം സംസ്കരിക്കാൻ കഴിയുക 20 ലക്ഷം ടൺ മാലിന്യം
ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ പ്ലാന്റാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയത്. വർസാനിൽ നിർമിച്ച പ്ലാന്റ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മംക്‌തൂം നാടിന് സമപ്പിച്ചു. നാല് ശതകോടി ദിർഹം ചിലവഴിച്ചാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രതിവർഷം 20 ലക്ഷം ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്കരിക്കാൻ കഴിയും. ഇതുവഴി 220 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാം. 1,35,000 വീടുകളിൽ വൈദ്യുതി എത്തിക്കാനും ഇതിലൂടെ കഴിയും.
പദ്ധതിയുടെ ആദ്യഘട്ടമാണ് ചൊവ്വാഴ്ച പൂർത്തിയാക്കിയത്. 2024ലിൽ പ്ലാന്റ് പൂർണതോതിൽ സജ്ജമാകും. പരിസ്ഥിതിക്ക് ഒട്ടും ദോഷം വരാത്ത രീതിയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്ലാന്റിലെ മാലിന്യ സംസ്കരണം. നാടിന് ഏറെ പ്രയോജനകരമാകുന്ന ഈ വ്യത്യസ്ഥ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മംക്‌തൂം അഭിനന്ദിച്ചു. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ ആഗോള നേതാവെന്ന പദവി നിലനിർത്താൻ ദുബായിക്ക് പുതിയ പദ്ധതി സഹകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജ രംഗത്ത് 200 ശതകോടി ദിർഹം നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മംക്‌തൂം വ്യക്തമാക്കിയിരുന്നു.