വ്രതവിശുദ്ധിയുടെ മാസം ആരംഭിച്ചതോടെ ദുബൈയുടെ പകലിനും രാവിനും പ്രത്യേക നിറമാണ്. ആത്മീയതയുടെയും പരസ്പരം പങ്കുവെക്കലിന്റെയും ആവേശം എങ്ങും നിറഞ്ഞുനിൽക്കുന്നു. കെട്ടിടങ്ങളിലും വീടുകളിലും ഷോപ്പിങ് സെൻററുകളിലും സ്ഥാപിച്ച അലങ്കാര വിളക്കുകൾ ദുബൈയുടെ ഓരോ കോണിലും നിറഞ്ഞുനിൽക്കുന്ന റമദാൻ ആഘോഷത്തെ പ്രകടമാക്കുന്നുണ്ട്. പോകുന്നിടത്തെല്ലാം സന്തോഷത്തിന്റെ തിളക്കമാണിപ്പോൾ. മിനാരങ്ങളും താഴികക്കുടങ്ങളും പള്ളികളുടെ മുൻഭാഗങ്ങളും ഗംഭീരമായി പ്രകാശിക്കുന്നു.
റമദാനിനെ സ്വാഗതം ചെയ്ത് ദുബൈയിൽ ആരംഭിച്ച ‘റമദാൻ ഇൻ ദുബൈ’ കാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികളും സംരംഭങ്ങളുമാണ് എമിറേറ്റിലുടനീളം ഒരുക്കിയിട്ടുള്ളത്. റമദാന്റെ അന്തരീക്ഷം നിറക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് കാമ്പയിന് രൂപംനൽകിയത്. പൊതു, സ്വകാര്യ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിൻ റമദാൻ അനുഭവങ്ങൾ അവിസ്മരണീയമാക്കുന്നതാണ്.
ക്യാമ്പയിനിന്റെ ഭാഗമായി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും റമദാനിനെ അറിയാനും മനസിലാക്കാനുമുള്ള അവസരവും ഒരുങ്ങുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ), ദുബൈ സാമ്പത്തിക വിനോദസഞ്ചാര വകുപ്പ്, ഇമാർ, ദുബൈ മുനിസിപ്പാലിറ്റി, മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ്, സാമൂഹിക വികസന വകുപ്പ്, ദുബൈ ഹോൾഡിങ്, നഖീൽ, ദുബൈ പൊലീസ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയവയെല്ലാം കാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്.