2033 ഓടെ ദുബൈ എമിറേറ്റിലേക്ക് 650 കോടി ദിർഹമിന്റെ വിദേശ നിക്ഷേപം ആകർശിക്കാൻ പദ്ധതി
2033ഓടെ എമിറേറ്റിലേക്ക് 650 ശതകോടി ദിർഹമിന്റെ വിദേശനിക്ഷേപം ആകർഷിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ‘നേരിട്ടുള്ള വിദേശ നിക്ഷേപ വികസന പദ്ധതി’ എന്ന പദ്ധതിക്ക് ദുബൈ എക്സിക്യൂട്ടിവ് കൗൺസിലാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ദുബൈ നഗരത്തിന്റെ വികസന പദ്ധതികൾക്ക് 25 ശതകോടി അനുവദിച്ചുകൊണ്ടാണ് വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ലക്ഷ്യം കൈവരിക്കുക. 2033ഓടെ ലോകത്തെ ഏറ്റവും സുപ്രധാനമായ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി രൂപപ്പെടുത്തിയത്. ദുബൈയുടെ വികസനം അതിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണോയെന്ന് വിലയിരുത്തുന്നതിനുള്ള ‘ദുബൈ ഇക്കണോമിക് മോഡലി’നും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഉപഭോക്താവിന്റെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് 3,000ത്തിലധികം സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഒരു സാമ്പത്തിക ഡേറ്റാബേസ് രൂപപ്പെടുത്തിയാണ് ഇത് പ്രാവർത്തികമാക്കുക.
ദുബൈയുടെ സുസ്ഥിരതയും ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾക്കായുള്ള പദ്ധതി ആസൂത്രണത്തിനും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. പ്രോപ്പർട്ടി ഡവലപ്പർമാർക്ക് പ്രോത്സാഹനവും ‘20 മിനിറ്റ് സിറ്റി’ എന്ന ആശയത്തെ സഹായിക്കുന്ന സേവനം നൽകുകയും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. പള്ളികളിൽ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം ഇരട്ടിയാക്കാനും ആവശ്യമായ യോഗ്യതകൾ കൈവരിച്ച് അവരെ ഈ ജോലിക്ക് സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള ‘മൻബർ’ പരിപാടിക്കും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. പ്രാർഥനക്ക് നേതൃത്വം നൽകൽ, ബാങ്ക് വിളി, ജുമുഅ പ്രാർഥനക്ക് നേതൃത്വം നൽകൽ എന്നിവക്കുള്ള യോഗ്യതകളാണ് ഇവർക്ക് പരിശീലിപ്പിക്കുക. കൂടാതെ, ഇമാറാത്തി കണ്ടന്റ് ക്രിയേറ്റേഴ്സിനെ ശാക്തീകരിക്കുന്നതിനും സഹിഷ്ണുതയുടെയും ദേശീയ സ്വത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഗ്രാസ് അൽ ഖൈർ’ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
സ്കൂളുകളും സർവകലാശാലകളും ഇതിനായി പരിപാടികളും ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ചേർന്നത്.