ദുബായ് ക്രോക്കോഡൈൽ പാർക്ക് ഏപ്രിൽ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുശ്രിഫ് നാഷണൽ പാർക്കിന് സമീപത്തായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഈദ് അവധിദിനങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് മുൻപായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് തുറക്കുന്നത്.
വിവിധ പ്രായത്തിലുള്ള 250-ൽ പരം നൈൽ മുതലകൾ ഉള്ള ദുബായ് ക്രോക്കോഡൈൽ പാർക്ക് പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കാണ്. സന്ദർശകർക്ക് മുതലകളുടെ ജീവിതരീതികൾ അടുത്ത് കണ്ട് മനസ്സിലാക്കുന്നതിന് ദുബായ് ക്രോക്കോഡൈൽ പാർക്ക് അവസരമൊരുക്കുന്നു. ഇരുപതിനായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഈ കേന്ദ്രം മുതലകൾക്ക് ഏറ്റവും ഉചിതമായ ആവാസവ്യവസ്ഥ ഒരുക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. സന്ദർശകർക്ക് സുരക്ഷിതമായി മുതലകളെ അവയുടെ ആവാസവ്യവസ്ഥയിൽ കണ്ടറിയാൻ സാധിക്കുന്നതാണ് പാർക്ക്. ഒരു നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ആഫ്രിക്കൻ തടാകത്തിന്റെ പ്രമേയത്തിൽ ഒരുക്കിയിട്ടുള്ള അക്വേറിയം, വിശാലമായ ഔട്‌ഡോർ ഏരിയ, ഭക്ഷണശാലകൾ മുതലായവയും ഈ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്. 95 ദിർഹമാണ് (3 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 75 ദിർഹം) പാർക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്.
#Dubai Crocodile Park will open its doors to the public on April 18. The attraction is home to over 250 Nile crocodiles & is located near Mushrif National Park. pic.twitter.com/lmmHDqKOAF
— Dubai Media Office (@DXBMediaOffice) April 13, 2023