ദുബൈ ക്രീക്ക് സംരക്ഷിക്കും; 11.2 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ നഗരത്തിന്റെ ഹൃദയധമനിയായി കണക്കാക്കപ്പെടുന്ന ക്രീക്ക് സംരക്ഷിക്കാൻ വിപുലപദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. കഴിഞ്ഞ അരനൂറ്റാണ്ടായി വെല്ലുവിളികളെ അതിജീവിച്ച ക്രീക്കിന്റെ മതിലുകൾ പുനർനിർമിക്കുന്നതാണ് പദ്ധതി. പ്രതികൂല കാലാവസ്ഥയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുകയും വാണിജ്യ ഗതാഗതത്തിനുള്ള തടസ്സങ്ങൾ കുറക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 11.2കോടി ദിർഹം ചെലവ് വരുന്ന മുനിസിപ്പാലിറ്റിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. പ്രാരംഭഘട്ടത്തിൽ ദുബൈ ക്രീക്കിന്റെ ദേര ഭാഗത്തുകൂടിയുള്ള 2.1 കി.മീറ്ററുള്ള മതിൽ പുനഃസ്ഥാപിക്കും.
പ്രദേശത്തെ ഒന്നിലധികം വിഭാഗങ്ങളാക്കി വിഭജിച്ച് തടസ്സമില്ലാത്ത ജലഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങളും വരുത്തും. രണ്ടാം ഘട്ടത്തിൽ ബർദുബൈ ഭാഗത്തെ 2.3 കി.മീറ്റർ നീളത്തിലെ ഭാഗമാണ് പുനരുദ്ധരിക്കുക. ബോട്ടുകൾ കരക്കടുപ്പിക്കുന്നതിന് ക്രീക്കിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിയിൽ ഉൾപ്പെടുത്തി 200 നങ്കൂരങ്ങളും സ്ഥാപിക്കും. 14മാസ കാലയളവ് കണക്കാക്കുന്ന പദ്ധതിയിൽ കോൺക്രീറ്റ് ഭിത്തിയുടെ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും നന്നാക്കുകയും ചെയ്യും. ഭിത്തികൾ 8 മീറ്റർ ആഴത്തിലും 3 മീറ്റർ ഉയരത്തിലുമാണ് നിർമിക്കുക.
ദുബൈ ക്രീക്കിലെ ഗതാഗതത്തിനും വാണിജ്യ പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പ്രസ്താവനയിൽ പറഞ്ഞു. എമിറേറ്റിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിയിൽ ക്രീക്കിന് സുപ്രധാന പങ്കാണുള്ളത്. കൂടാതെ, മേഖലയിലെ അയൽ വിപണികളുമായുള്ള വാണിജ്യ ഇടപാടുകൾക്ക് ക്രീക്ക് സഹായിക്കുന്നു. ക്രീക്കിന്റെ ഇരുവശങ്ങളിലുമുള്ള മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ തീരദേശ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന്റെ വളർച്ചയുടെ പ്രതീകമായ ദുബൈ ക്രീക്ക് വഴി പ്രതിവർഷം 13,000 കപ്പലുകൾ കടന്നുപോകുന്നുണ്ട്. എമിറേറ്റിലെത്തുന്ന ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളുടെയും ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് ക്രീക്ക്.