ദുബൈയിൽ പൊതു-സ്വകാര്യ പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ പുതിയ സ്ഥാപനം രൂപവത്കരിച്ചു. 'പാർക്കിൻ' എന്ന പേരിലാണ് സ്ഥാപനം. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും'പാർക്കിൻ'. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പബ്ലിക് ജോയിന്‍റ് സ്റ്റോക് കമ്പനി ആയ 'പാർക്കിൻ' രൂപവത്കരിക്കാനുള്ള നിയമത്തിന് അംഗീകാരം നൽകിയത്.
പൊതുപാർക്കിങ് ഇടങ്ങളുടെ നിർമാണം, ആസൂത്രണം, രൂപരേഖ തയ്യാറാക്കൽ, പ്രവർത്തനം, നിയന്ത്രണം എന്നിവ പുതിയ കമ്പനിയുടെ ചുമതലയാണ്. വ്യക്തികൾക്ക് പാർക്കിങ് പെർമിറ്റുകൾ നൽകുക, പൊതു പാർക്കിങ് ഇടങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ സൗകര്യം ഒരുക്കുക, ഫ്രാഞ്ചൈസി കരാറിന്‍റെ നിബന്ധനകൾ പ്രകാരം പാർക്കിങ് സ്ഥലങ്ങൾ റിസർവ് ചെയ്യുക ഉൾപ്പെടെയുള്ള ഉത്തരവാദിത്തവും പുതിയ കമ്പനിക്കായിരിക്കും. പാർക്കിങ് ഇടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ബിസിനസ് മേഖലകളിലെ നിക്ഷേപം സ്വീകരിക്കാനുള്ള അധികാരവും കമ്പനിക്കുണ്ടാകും.
ഇതിനായി പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും പെർമിറ്റുകളുടെ വിതരണവും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ,പാർക്കിൻ പി.ജെ.എസ്.സിയെ ഏൽപിക്കും. ആർ.ടി.എയും പാർക്കിൻ പി.ജെ.എസ്.സിയും തമ്മിലുള്ള ഫ്രാഞ്ചൈസി കരാറിലൂടെ ആയിരിക്കും ചുമതലകൾ കൈമാറുക. പൊതു-സ്വകാര്യ സബ്സ്ക്രിബ്ഷൻ മുഖേന മൂന്നാം കക്ഷികൾക്ക് കൈമാറാവുന്ന ഓഹരികളുടെ ശതമാനം നിർണയിക്കാൻ ദുബൈ എക്സിക്യൂട്ടീവ് കൗൺസിലിന് അധികാരമുണ്ടാവും.