യുഎഇയിൽ ശൈത്യകാലത്തിനുശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് ഫ്‌ലൂ വാക്സിൻ എടുക്കണമെന്ന് മാതാപിതാക്കളെ ഓർമപ്പെടുത്തി ആരോഗ്യവിദഗ്ധർ. ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാവുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു മുന്നറിയിപ്പ്.
ഫ്‌ലൂ വാക്സിൻ എടുക്കാത്ത കുട്ടികളെയാണ് കൂടുതലായും അസുഖബാധിതരായി കാണുന്നത്. മക്കൾക്ക് വാക്സിനുകൾ ഏതെങ്കിലും കൊടുക്കാനുണ്ടോയെന്ന് മാതാപിതാക്കൾ പരിശോധിച്ച് നൽകണമെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. അമൃത് ലാൽ സോനി പറഞ്ഞു. കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞതും അവരെ പെട്ടെന്ന് അസുഖബാധിതരാക്കാൻ ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.