നടുറോഡിൽ വാഹനം നിർത്തരുത്, മുന്നറിയിപ്പ് നൽകി അബൂദാബി പൊലീസ്, അപകടദൃശ്യം പങ്കുവെച്ചു
എന്ത് കാരണമായാലും നടുറോഡിൽ വാഹനം നിർത്തരുതെന്ന മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതുമൂലമുണ്ടായ അപകട ദൃശ്യം പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വൻ അപകടത്തിന് കാരണമാവുന്ന ഇത്തരം പ്രവൃത്തി ഗുരുതര ഗതാഗത ലംഘനമാണ്.
വാഹനം ഹസാർഡ് ലൈറ്റ് തെളിച്ചതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങൾ നിർത്തിയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെട്ടത് അറിയാതെ മറ്റ് വാഹനം മുന്നിൽ നിർത്തിയ കാറിൽ ഇടിച്ചുകയറുകയും ഇതിനു ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയുമായിരുന്നു.
വാഹനത്തിന് അപ്രതീക്ഷിതമായ തകരാറുകൾ സംഭവിച്ചാൽ നടുറോഡിൽ നിർത്താതെ അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റുക. വാഹനം മുന്നോട്ടുനീങ്ങുന്നില്ലെങ്കിൽ 999 എന്ന കൺട്രോൾ സെൻറർ നമ്പറിൽ വിളിച്ച് സഹായം തേടണം. നടുറോഡിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻറും ചുമത്തപ്പെടും.
മറ്റു വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ അകലം പാലിച്ചിരിക്കണമെന്നും ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയൻറു ചുമത്തും.