ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ; നിരോധനം ഏർപ്പെടുത്തി അബുദാബി

Update: 2024-05-22 08:42 GMT

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ജൂൺ ഒന്നു മുതൽ അബുദാബിയിൽ നിരോധിച്ചു. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) 2020ൽ അവതരിപ്പിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് നടപടി.

പോളിസ്റ്റൈറീൻ എന്നറിയപ്പെടുന്ന കനംകുറഞ്ഞ വെള്ള പ്ലാസ്റ്റിക്കാണ് സ്റ്റൈറഫോം. ഇതു എളുപ്പം വിഘടിക്കുകയും ഭക്ഷണത്തോടൊപ്പം ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകുകയും ജൈവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യും. സ്റ്റൈറഫോം ഉപയോഗിച്ചുള്ള ഫുഡ് കണ്ടെയ്‌നർ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതും അപകടകരമാണ്.

പോളിസ്റ്റൈറീൻ ഉപയോഗിച്ച് നിർമിച്ച ഗ്ലാസ്, കപ്പ്, പ്ലേറ്റ്, അടപ്പ് (മൂടി), കറി പാത്രം തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.

പുനരുപയോഗ സ്റ്റോറേജ് ബോക്സ്, കൂളർ, മെഡിക്കൽ ആവശ്യത്തിനുള്ള ഉൽപന്നങ്ങൾ. മാംസം, പഴങ്ങൾ, റെഡിമെയ്ഡ് പാൽ ഉൽപന്നങ്ങൾ, ചില്ലറ വിൽപ്പനയ്ക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ട്രേകൾ തുടങ്ങി ഒന്നിലേറെ തവണ ഉപയോഗിക്കാവുന്നവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കി.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിൽപന 2022 ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന ശേഷം ഉപയോഗത്തിൽ 95% ഇടിവുണ്ടായി. യുഎഇയിലെ മറ്റ് എമിറേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധിച്ചു. ഷാർജയിലും ദുബായിലും ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നീക്കം പരിസ്ഥിതി മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സാലിം അൽ ദാഹിരി പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിലൂടെ ഏപ്രിൽ വരെ 31 കോടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപഭോഗം കുറച്ചു. അതായത് 2000 ടണ്ണിലേറെ പ്ലാസ്റ്റ് ബാഗുകളാണ് ഒഴിവാക്കിയത്. 2023ൽ 6.7 കോടി പ്ലാസ്റ്റിക് കുപ്പികളും (1000 ടൺ) ശേഖരിച്ചിരുന്നു. വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടിയും ആരംഭിച്ചു. നിരോധിത ഉൽപന്നങ്ങളുടെ പട്ടിക കമ്പനികളിലും മറ്റും പ്രദർശിപ്പിക്കുന്നു.

Tags:    

Similar News